aal

കലഞ്ഞൂർ : ഓർമകളുടെ തണലായി നിൽക്കുന്ന ആൽമരം കലഞ്ഞൂരിന്റെ അടയാളമാണ്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയരികിൽ മഹാദേവർ ക്ഷേത്രത്തിന്റെ മുൻഭാഗത്തായാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആൽമരമുത്തശ്ശിയുള്ളത്. മഹാദേവർ ക്ഷേത്രവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾക്കു മുൻപ് നട്ടുപിടിപ്പിച്ച ആൽമരം നശിച്ചുപോയതായും അതിനുശേഷം നട്ടുപിടിപ്പിച്ചതാണീ ഈ ആൽമരമെന്നും നാട്ടുകാർ പറയുന്നു. ഏഴു വർഷം മുൻപ് ശിഖരം ഒടിഞ്ഞുവീണതൊഴിച്ചാൽ കാര്യമായ നാശമൊന്നും ആൽമരത്തിന് സംഭവിച്ചിട്ടില്ല.നാട്ടിലെ പ്രായമായവർ ഒത്തുകൂടി സായാഹ്ന ചർച്ചകൾ നടത്തിയിരുന്നത് ഈ ആൽത്തറയിലായിരുന്നു. നാട്ടിലെ വികസന കാഴ്ചപ്പാടുകളും ചർച്ചകളും ഉയർന്നുവരുന്നത് ഇതിന്റെ ചുവട്ടിലെ കൂട്ടായ്മയിൽ നിന്നാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും തമിഴ്‍നാട്ടിലെ തെക്കൻ ജില്ലകളിൽ നിന്നും എത്തുന്ന ശബരിമല തീർത്ഥാടകരുടെ വിശ്രമംകേന്ദ്രം കൂടിയാണ് ആൽത്തറ. മണ്ഡലകാലത്ത് നാൽപത്തിയൊന്ന് ദിവസത്തെ ചിറപ്പ് മഹോത്സവം ഇവിടെയാണ് നടക്കുന്നത്. യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്നു കാലത്ത് കലഞ്ഞൂരിൽ എത്തുന്നവർക്ക് തണലിടമായിരുന്നു അരയാൽ പരിസരം. ആലിന് തറകെട്ടി ചുറ്റും മേൽക്കൂരയുൾപ്പെടെയുള്ള മണ്ഡപമായാണ് ഇവിടെ ആൽത്തറ പണിതിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.