പത്തനംതിട്ട : ഹയർസെക്കൻഡറി ഫലത്തിൽ ഇത്തവണയും ജില്ല പുറകിൽ തന്നെ. 82.53 ആണ് വിജയശതമാനം. പ്ലസ്ടു ഫലത്തിൽ തുടർച്ചയായി ജില്ല പിന്നിലാണ്. കഴിഞ്ഞ വർഷം 82.74 ശതമാനവുമായി ജില്ല ഏറ്റവും പിന്നിലായിരുന്നു. 2019ൽ 78 ശതമാനം വിജയവുമായി ഏറ്റവും പുറകിലായിട്ടായിരുന്നു ജില്ലയുടെ സ്ഥാനം. 2018 ൽ 77.16 ശതമാനം. 2017 വർഷം 77.65 ശതമാനം വിജയമാണ് ജില്ല നേടിയത്.
2016 ൽ 72.4 ആയിരുന്നു വിജയ ശതമാനം. പ്ലസ്ടു ഫലം വരുമ്പോൾ ജില്ല തുടർച്ചയായി ഏറ്റവും പിന്നിലാവുമ്പോൾ എസ്.എസ്.എൽ.സി ഫലത്തിൽ ജില്ലയ്ക്ക് മികച്ച വിജയശതമാനമാണുള്ളത്.
2011 മുതൽ ഓരോ വർഷവും ഹയർ സെക്കൻഡറി വിജയശതമാനം താഴോട്ട് പോകുമ്പോഴും ഇത് ഉയർത്താൻ വേണ്ട യാതൊരു നടപടികളും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല. പഠനനിലവാരം ഉയർത്തുന്നത് സംബന്ധിച്ച് പല ചർച്ചകളും ജില്ലതതലത്തിലും മറ്റും നടക്കാറുണ്ട്. പ്ലസ് ടു വിജയശതമാനം ഉയർത്താൻ വേണ്ടി ജില്ല പഞ്ചായത്ത് തയാറാക്കിയ കൈത്താങ്ങ് പദ്ധതി പോലും മുൻ വർഷങ്ങളിൽ പാഴായിപ്പോയി. ഗ്രാമീണമേഖലയിലെ പല ഹയർസെക്കൻഡറി സ്‌കൂളുകളിലും പഠനത്തിന് എത്തുന്നവരിൽ അധികവും ശരാശരി നിലവാരത്തിനും താഴെയുള്ള കുട്ടികളാണ്. ഇവർക്ക് സ്‌പെഷ്യൽ ക്ലാസുകൾ നൽകുന്ന കാര്യത്തിലും അധികൃതർ പരാജയപ്പെടുന്നു.പത്താം ക്ളാസിൽ ഉന്നത വിജയം നേടുന്ന കുട്ടികൾ പോലും പ്ലസ്ടുവിൽ തോൽക്കുന്നു. തോൽക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാെണന്ന് ജില്ലയിൽനടത്തിയ ചില പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷന്റ അഭാവം, ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റ ഇടപെടൽ ഇല്ലായ്മ, നിർജീവമായ പി.ടി.എകളുടെ പ്രവർത്തനം, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രത്യേക പരിശീലനങ്ങൾ നൽകാത്തത് എന്നിവ പരാജയത്തിന്റെ കാരണങ്ങളായി വിലയിരുത്തുന്നു. സയൻസ് വിഷയങ്ങളെടുക്കുന്ന പല കുട്ടികളും പരാജയപ്പെടുന്നുണ്ട്
ഉപരിപഠന യോഗ്യത നേടിയത്
9778 കുട്ടികൾ
പത്തനംതിട്ട: ജില്ലയിലെ 83 സ്‌കൂളുകളിലായി രജിസ്റ്റർ ചെയ്ത 11922 കുട്ടികളിൽ 11848 പേരാണ് പരീക്ഷ എഴുതിയത്. ഇവരിൽ 9778 കുട്ടികൾ ഉപരിപഠന യോഗ്യത നേടി.
1060 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
ടെക്നിക്കൽ സ്കൂളിൽ 174 പേർ ഉപരിപഠന യോഗ്യത നേടി
14 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
ടെക്‌നിക്കൽ സ്‌കൂളുകളിൽ 179 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 178 പേർ പരീക്ഷയെഴുതി. 174 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 97.75. 14 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്.
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 43 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 42 പേർ പരീക്ഷയെഴുതി. 34 കുട്ടികൾ ഉപരിപഠനയോഗ്യത നേടി. 80.95 ശതമാനമാണ് വിജയം.
വി.എച്ച്.എസ്.ഇയിലും വിജയശതമാനം കുറവ്
വി.എച്ച്.എസ്.ഇ പരീക്ഷയിലും പത്തനംതിട്ട ജില്ലയിലാണ് വിജയശതമാനം കുറവ്. 1465 കുട്ടികൾ പരീക്ഷ എഴുതിയതിൽ 996 പേരും ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 67.99. കഴിഞ്ഞവർഷം 67.14 ശതമാനമായിരുന്നു വിജയം.