അടൂർ : ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വകാര്യ ആശുപത്രിയിലേക്ക് നടന്നുപോയ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചുകടന്നു. ഇന്നലെ രാവിലെ ഒൻപതേമുക്കാലോടെ ഹോളിക്രോസ് - ആനന്ദപ്പള്ളി റോഡിൽ മാർത്തോമ്മാ സ്കൂളിന് മുന്നിലായിരുന്നു സംഭവം. കരുവാറ്റ ബ്ളസി ഭവനിൽ ഗ്രേസി ബാബുവിന്റെ (58) സ്വർണമാലയുടെ ഒരുഭാഗമാണ് പൊട്ടിച്ചെടുത്തത്. ഹോളിക്രോസ് ആശുപത്രിയിലേക്ക് നടന്നുപോയ ഇവരുടെ പിന്നാലെ വലിയശബ്ദമുണ്ടാക്കാതെ എത്തിയ ബൈക്കിന്റെ പിന്നിലിരുന്ന യുവാവാണ് ഗ്രേസി ബാബുവിന്റെ കഴുത്തിനും മാലയ്ക്കും കുത്തിപ്പിടിച്ചത്. ഗ്രേസി മാലയിൽ ബലമായി പിടിച്ചിരുന്നതിനാൽ രണ്ടരപ്പവൻ മാലയിൽ ഒരുപവനേ നഷ്ടമായുള്ളു. ബൈക്ക് ഒാടിച്ചിരുന്ന യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും പിന്നിലിരുന്ന ആൾക്കുണ്ടായിരുന്നില്ല. വെള്ളയിൽ പുള്ളിയുള്ള ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നതെന്ന് ഗ്രേസിബാബു പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. യുവാവിന്റെ കൈയിലെ നഖം കഴുത്തിൽ കുത്തിയിറങ്ങിയും മാല വലിച്ചുപൊട്ടിച്ചതിനിടയിൽ ഉരഞ്ഞും കഴുത്തിൽ മുറിവുണ്ടായിട്ടുണ്ട്. അടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.