ലക്ഷ്മണൻ രാമനെ അന്വേഷിച്ചുപോയ സമയം രാവണൻ ഒരു സന്യാസിയുടെ വേഷത്തിൽ അവിടെയെത്തി. രാവണന്റെ ഇംഗിതം നിരസിച്ച സീതയെ എടുത്ത് തേരിൽ വച്ച് വേഗം അവിടെനിന്ന് മറഞ്ഞു. സീതയുടെ വിലാപം കേട്ട് ജടായു രാവണനെ തടഞ്ഞു. ജടായു രാവണന്റെ തേരും കുതിരകളേയും തകർത്തു. ജടായുവിന്റെ ചിറകുകൾ കൊണ്ടുള്ള അടിയേറ്റ് രാവണൻ ക്ഷീണിതനായി. രാവണൻ ചന്ദ്രഹാസംകൊണ്ട് ജഡായുവിന്റെ ചിറകുകൾ ഛേദിച്ചു. രാവണൻ മറ്റൊരു തേരിൽ കയറി സീതയെയും കൊണ്ട് ദക്ഷിണദിക്കിലേക്ക് യാത്രയായി. യാത്രയ്ക്കിടെ താഴേക്ക് നോക്കുമ്പോൾ അഞ്ച് വാനരന്മാർ നിൽക്കുന്നത് കണ്ട് സീതാദേവി ചേല അല്പം മുറിച്ചെടുത്ത് ആഭരണങ്ങൾ അഴിച്ച് അതിൽ പൊതിഞ്ഞ് താഴേക്കിട്ടു.
സീതാദേവിയെ സ്പർശിച്ചാൽ നാശം സംഭവിക്കും എന്നറിയാവുന്ന രാവണൻ സീതയെ അശോകവനിയിൽ താമസിപ്പിച്ചു. തിരികെ ആശ്രമത്തിലെത്തിയ രാമലക്ഷ്മണന്മാർ സീതയെ തേടി നടക്കുന്നതിനിടയിൽ ജടായുവിനെ കണ്ടു. സംഭവങ്ങൾ വിവരിക്കുന്ന ജടായു,രാമന്റെ തലോടലേൽക്കുന്നതിനിടെ മരിച്ചു. ദേഹം ഉപേക്ഷിച്ച ജടായുവിന്റെ ആത്മസ്വരൂപം ശ്രീരാമനെ സ്തുതിച്ചു. രാമന്റെ വർണനകളും തത്വവും ചേരുന്നതാണ് ജടായുസ്തുതി.
സീതയെത്തേടി അവർ വനത്തിലൂടെ നടക്കുമ്പോൾ തലയും കാലുകളുമില്ലാത്ത ഉടലിൽ വായോടുകൂടിയ ഭീകരരൂപിയായ കബന്ധനെ അവർ കണ്ടു. രാമലക്ഷ്മണന്മാർ കബന്ധന്റെ കൈകൾ ഛേദിച്ചു. കബന്ധൻ തന്റെ ഗന്ധർവരൂപം പ്രാപിച്ച് രാമനെ സ്തുതിച്ചു. രാമന്റെ തത്വവും ആത്മജ്ഞാനവുമാണ് കബന്ധസ്തുതിയിൽ. അടുത്തുതന്നെയുള്ള മതംഗാശ്രമത്തിൽ രാമനെ സ്തുതിച്ചുകൊണ്ട് ജീവിക്കുന്നശബരി എന്ന തപസ്വിനിയെ സന്ദർശിക്കണമെന്ന് ആപേക്ഷിച്ച് ഗന്ധർവൻ അപ്രത്യക്ഷനായി.
ബുദ്ധിയും ചൈതന്യവും നഷ്ടപ്പെട്ട് ചലനശേഷിയില്ലാതെയായവർക്കുപോലും ഈശ്വര സാക്ഷാത്കാരം കൊണ്ട് ചൈതന്യം വീണ്ടെടുക്കാനാവും എന്ന് കബന്ധന്റെ കഥ നമ്മെ ഓർമ്മപ്പെടുത്തുന്നു.