റാന്നി: പെരുമ്പെട്ടിയിലെ കൈവശ കർഷകർക്ക് പട്ടയം അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. നിയമസഭയിൽ അഡ്വ .പ്രമോദ് നാരായൺ എം.എൽ.എ യുടെ സബ് മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2018 ൽ കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കണമെന്ന ജനങ്ങളുടെ പരാതിയെ തുടർന്ന് വനം, റവന്യു വകുപ്പുകൾ സംയുക്തമായി പ്രശ്നം ഉന്നയിക്കുന്ന സ്ഥലത്തിന്റെ 85 ശതമാനവും സർവേ നടത്തിയിരുന്നു .1958ലെ നോട്ടിഫിക്കേഷൻ പ്രകാരം റീ സർവേ നടത്തി 2019 മാർച്ച് 6 ന് ഇറങ്ങിയ ഇടക്കാല റിപ്പോർട്ടിൽ ജനങ്ങൾ താമസിക്കുന്ന സ്ഥലം വനഭൂമിയുടെ ജണ്ടയ്ക്ക് പുറത്താണ് എന്ന് കണ്ടെത്തിയതാണ്. സർവേ നടത്താതെ അവശേഷിക്കുന്ന 12 ശതമാനം സ്ഥലം ജനങ്ങളുടെ കൈവശഭൂമി അല്ല .രണ്ട് റിസർവ് ഫോറസ്റ്റുകളുടെ ഇടയിലൂടെ പോകുന്ന കല്ലുകളാണ് . വനംവകുപ്പ് ഇപ്പോൾ പറയുന്ന 1958 നോട്ടിഫിക്കേഷൻ പ്രകാരം ഉള്ള സ്കെച്ച് ലഭ്യമാക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ അത് ഇതുവരെ കണ്ടെത്താൻ അവർക്ക് സാധിക്കുന്നില്ല . ഡിപ്പാർട്ട്മെന്റാണ് ഇത്തരത്തിലുള്ള സ്കെച്ച് ലഭ്യമാക്കേണ്ടത് .രണ്ടുവർഷമായി ഇത് ലഭ്യമാകാത്ത സാഹചര്യത്തിൽ റീസർവേയുടെയും 1958 ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള അതിർത്തി വിവരണത്തിന്റെയും അടിസ്ഥാനത്തിൽ സർവേ പൂർത്തീകരിച്ച് ജനങ്ങളുടെ ഭൂമിയെ സംബന്ധിച്ച് അന്തിമ റിപ്പോർട്ട് നൽകി പട്ടയം അടിയന്തരമായി നൽകണമെന്ന് ആവശ്യം എംഎൽഎ ഉന്നയിച്ചു. പെരുമ്പെട്ടിയിലെ കൈവശ കർഷകരുടെ ഭൂമി വനഭൂമിക്ക് പുറത്താണെന്ന ഡി .എഫ്. ഒ യുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1963 ലെ ഭൂമി പതിവ് ചട്ടം പ്രകാരം പട്ടയം നിയമാനുസൃതം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലത്തിന്റെ സർവേ നടപടികൾ കോഴിക്കോട് ജില്ലയിലെ മിനി സർവേ ടീമിനെ നിയോഗിച്ചു പൂർത്തീകരിക്കാൻ വനം -റവന്യു വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു.