ksrtc

അടൂർ : കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോതലത്തിലുള്ള വർക്ക് ഷോപ്പുകളുടെ പ്രവർത്തനങ്ങളിൽ കുറവ് വരുത്തി മേജർ പണികൾ ഇനി ജില്ലാതല വർക്ക്ഷോപ്പിലേക്ക് മാറ്റുന്നു. ജില്ലാതല വർക്ക്ഷോപ്പുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വർക്ക് ഷോപ്പ് ഒാഫീസറെ നിയമിച്ചു. ജില്ലയിലെ ഏഴ് ഡിപ്പോകളിലേയും പ്രധാന പണികൾ ജില്ലാ വർക്ക് ഷോപ്പിലായിരിക്കും. പത്തനംതിട്ട ഡിപ്പോയിലാണ് ജില്ലാവർക്ക് ഷോപ്പ് സ്ഥാപിക്കുന്നത്. ഇവിടുത്തെ സ്ഥലപരിമിതി കണക്കിലെടുത്ത് ഇതിന്റെ ഒരുഭാഗം അടൂർ ഡിപ്പോയിലും പ്രവർത്തിക്കും. അടൂർ, പത്തനംതിട്ട ഡിപ്പോകളിൽ ഇതോടെ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം വർദ്ധിക്കുകയും മറ്റിടങ്ങളിൽ കുറയുകയും ചെയ്യും. ഇതോടെ ബസുകളുടെ പ്രധാന പണികൾ ജില്ലാ കേന്ദ്രീകൃത വർക്ക്ഷോപ്പിലായിരിക്കും നടക്കുക. നിലവിലുള്ള ഡിപ്പോകളിൽ ദൈനംദിന പ്രവർത്തനങ്ങളും ചെറിയ അറ്റകുറ്റപണികളുമാകും ഉണ്ടാവുക. യഥാസമയം ഡിപ്പോകൾക്ക് സ്പെയർ പാർട്സുകൾ ലഭിക്കുന്നില്ലെന്ന പരാതിക്കൊപ്പം ദിവസങ്ങളോളം ബസുകൾ കട്ടപ്പുറത്തിരിക്കേണ്ട സ്ഥിതിവിശേഷത്തിനും പരിഹാരമാകും.

നിലവിൽ പ്രധാന എൻജിൻ ഭാഗങ്ങൾ മാവേലിക്കരയിലെ സെൻട്രൽ ഡിപ്പോയിൽ എത്തിച്ചാണ് തകരാർ പരിഹരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ സ്വകാര്യ സ്പെയർപാർട്സ് കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനുള്ള അനുമതിയും ഡിപ്പോകൾക്ക് നഷ്ടമാകും.

ഡിപ്പോതല ഒാഫീസർക്ക് പുറമേ ഡിപ്പോ എൻജിനീയറും ഇവിടെയുണ്ടാകും. കൂടാതെ അടൂരിൽ രണ്ട് അസി.ഡിപ്പോ എൻജിനിയറുടെ തസ്തികയും സൃഷ്ടിക്കപ്പെടും. കൂടുതൽ ജീവനക്കാരും എൻജിനീയർമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധസംഘവും ജില്ലാ ഡിപ്പോകളിൽ ഉണ്ടാകുന്നതോടെ ബസുകളുടെ തകരാറുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയും. ഇതിന്പുറമേ ഏതെങ്കിലും ഡിപ്പോയിലെ ബസ് തകരാർ പരിഹരിക്കാൻ ജില്ലാ വർക്ക് ഷോപ്പിൽ പ്രവേശിച്ചാൽ പകരമായി സ്പെയർ ബസുകളും ഡിപ്പോകൾക്ക് ലഭ്യമാക്കും.

ജില്ലയിലെ ഡിപ്പോകൾ - 7

നിലവിലുള്ള ബസുകളുടെ എണ്ണം - 220

ജില്ലാ വർക്ക്ഷോപ്പിലെ പ്രവർത്തനങ്ങൾ

ബസുകളുടെ എൻജിൻ പണികൾ

എൻജിനിലെ വിവിധ യൂണിറ്റുകൾ മാറ്റിവയ്ക്കൽ

ബസിന്റെ കിലോമീറ്റർ അനുസരിച്ച് സമയബന്ധിതമായി സ്പെയർപാർട്സുകൾ മാറ്റിവയ്ക്കുക.

ടെസ്റ്റിംഗ് പണികൾ, പെയിന്റിംഗ്.

ആക്സിഡന്റുകളിൽപ്പെടുന്ന ബസുകളുടെ പണികൾ

ഡിപ്പോ വർക്ക് ഷോപ്പിലെ സേവനങ്ങൾ

ടയർ, ടൂബ് മാറ്റൽ, പഞ്ചർ ഒട്ടിക്കൽ,

ബസിന്റെ ഇലക്ട്രിക് തകരാറുകൾ പരിഹരിക്കൽ,

ഒായിൽ മാറ്റുക,

ദിവസേനേയുള്ള ചെക്കിംഗ്,

ആഴ്ചയിൽ ഒരിക്കലുള്ള ചെക്കിംഗ്.