പന്തളം: ഒഴുകിയെത്തുന്ന മാലിന്യം പതിനഞ്ചോളം കുടുംബങ്ങളുടെ ജീവിതം നരകതുല്യമാക്കുന്നു. പന്തളം നഗരസഭയിൽ കടയ്ക്കാട് ചിന്നാൻ വീട് ഭാഗത്താണ് വീടുകളിലെ മലിനജലമുൾപ്പെടെ ഒഴുകിയെത്തി കിണർ വെള്ളം ഉപയോഗശൂന്യമായിരിക്കുന്നത്.
പന്തളം -പത്തനംതിട്ട റോഡരികിലെ പി.ഡബ്ല്യു.ഡി ഓടയിലേക്കാണ് വീടുകളിൽ നിന്നുള്ള മലിന ജലം ഉൾപ്പെടെ ഒഴുക്കിവിടുന്നത്. മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുന്നുമുണ്ട് . ഇത് ചിന്നാൻ വീടു ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത്. കവറിലാക്കി കൊണ്ടിടുന്ന മാലിന്യങ്ങൾ കാക്കയും തെരുവുനായ്ക്കളും വലിച്ചുകൊണ്ടു പോകുമ്പോൾ കിണറ്റിൽ വീഴുന്നതും പതിവാണ്.
കിണർ വെള്ളം കുടിക്കാൻ കഴിയില്ലെന്നു മാത്രമല്ല, ശരീരത്തിൽ വീണാൽ ചൊറിച്ചിലും ഉണ്ടാകുന്നു. പകർച്ചവ്യാധി ഭീഷണിയിലാണ് ഇവിടെയുള്ളവർ.പരിഹാരം കാണണമെന്ന് ചിന്നാൻവീട്ടിലെ എസ്.ഹാരീസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.