തണ്ണിത്തോട് : ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വില്ലൂന്നിപാറയിൽ ജനവാസമേഖലയ്ക്ക് സമീപം കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തിരികെ മൺപിലാവ് വനത്തിൽ കയറ്റിവിടുന്നതിനുള്ള ശ്രമം തുടരുന്നു. തണ്ണിത്തോട് ഫോറസറ്റ് സ്റ്റേഷനിലെ വനപാലകർ നാട്ടുകാരുടെ സഹായത്തോടെ ഇന്നലെയും തെരച്ചിൽ തുടർന്നു. ആറാട്ടുകുടുക്ക, പൂജപ്പാറ, മൺപിലാവ്, ആനപ്പാറ ഭാഗങ്ങളിൽ സായുധരായ വനപാലകർ കടുവയുടെയും തേനീച്ചയുടെയും ശബ്ദം പ്രദേശത്തു കേൾപ്പിച്ചു. ശബ്ദം കേട്ടു കാട്ടാനകൾ വനത്തിലേക്ക് മടങ്ങാനാണിത്. റബർ തോട്ടങ്ങളിലെ അടിക്കാട് തെളിക്കാത്തതും ചക്കയുടെ മണവും കാട്ടാനകൾ ജനവാസമേഖലകളിൽ തങ്ങാൻ കാരണമാകുന്നതായി വനപാലകർ പറഞ്ഞു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.കെ.ഗോപകുമാർ, ബീറ്റ് ഓഫീസർമാരായ കെ.എസ്.ശ്രീരാജ്, നാരായണൻകുട്ടി , കൃഷ്ണപ്രിയ എന്നിവർ നേതൃത്വം നൽകി.