പത്തനംതിട്ട: 84 ദിവസത്തെ ഇടവേള പൂർത്തിയാകും മുമ്പ് രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവർക്ക് കേന്ദ്ര സർക്കാരിന്റെ സിർട്ടിഫിക്കറ്റ് ലഭിക്കാതെ വിദ്ദേശ യാത്ര തടസ്സപ്പെടുന്ന പ്രശ്‌നത്തിൽ അടിയന്തര നടപടിയെടുക്കാൻ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ്.എൽ.മാണ്ടവ്യ നിർദ്ദേശം നൽകി. അടൂർ പ്രകാശ് എം. പി കേന്ദ്രമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. കേന്ദ്രമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഇലന്തൂർ സജു സദനത്തിൽ റവ. സജു. സി. സാമുവേലിന് രണ്ടാം ഡോസ് വാക്‌സിൻ എടുത്തതിന്റെ കേന്ദ്ര സർട്ടിഫിക്കറ്റ് ലഭിച്ചു. അമേരിക്കയിലെ മാർത്തോമാ ഇടവകയിൽ വികാരിയായി നിയമിതനായ വൈദികന് രണ്ടാം ഡോസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ യാത്ര തടസ്സപെട്ടിരുന്നു. ഒന്നാം ഡോസ് സർട്ടിഫിക്കറ്റ് കേന്ദ്രത്തിന്റെയും രണ്ടാം ഡോസ് സർട്ടിഫിക്കറ്റ് സംസ്ഥാ നത്തിന്റേതുമായതാണ് പ്രശ്‌നമായത്. കേന്ദ്രത്തിന്റെ ഔദ്യോഗിക മുദ്രയയും ക്യു ആർ കോഡും പതിപ്പിച്ച സർട്ടിഫിക്കറ്റിനുപകരം കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ക്യു ആർ കോഡും പതിപ്പിച്ച സർട്ടിഫിക്കറ്റാണ് രണ്ടാം ഡോസിന് ലഭിച്ചത്. ഇതു വിദേശ രാജ്യങ്ങൾ സ്വീകരിച്ചില്ല. രണ്ടു ഡോസും എടുത്തതിന്റെ സർട്ടിഫിക്കറ്റാണ് വിദേശ യാത്രയ്ക്ക് വേണ്ടിയിരുന്നത്. രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം എടുത്താൽ മതിയെന്ന തീരുമാനം പലരുടെയും വിദേശ യാത്ര മുടക്കിയപ്പോഴാണ് ആദ്യ ഡോസ് എടുത്ത് 28ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് എടുക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്. സർട്ടിഫിക്കറ്റ് വിഷയം സംസ്ഥാനത്തെ ഒട്ടേറെ ആളുകളെ ബാധിച്ച സാഹചര്യത്തിലാണ് അടൂർ പ്രകാശ് പ്രശ്‌നം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയത്.