അരുവാപ്പുലം: ഐരവൺ - അരുവാപ്പുലം കരകളെ ബന്ധിപ്പിച്ച് അച്ചന്കോവിലാറിന് കുറുകെ പാലം യാഥാർത്ഥമാകുന്നതോടെ ജനങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിന് പരിഹാരമാകും. പാലത്തിനായി എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ വിളിക്കാൻ കഴിഞ്ഞ ഏപ്രിലിൽ നടപടിയായിരുന്നു. സർവേ നടപടികൾ പുരോഗമിക്കുകയാണ് 12 .25 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിനു ലഭിച്ചത്. പൊതുമരാമത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടക്കുന്ന പണികൾക്ക് എൽ. എസ്. ജി. ഡി എൻജിനീയറിംഗ് വിഭാഗം മേൽനോട്ടം വഹിക്കും.

ഒറ്റപ്പെട്ട് നിരവധി പ്രദേശങ്ങൾ

മെഡിക്കൽ ക്കോളേജ് ഉൾപ്പെടുന്ന ഒന്നാം വാർഡുൾപ്പെടെ നാലു വാർഡുകൾ പഞ്ചായത്ത് ആസ്ഥാനത്ത് നിന്ന് ഒറ്റപെട്ടു കിടക്കുകയാണ്. കൊക്കാത്തോട്ടിലെ രണ്ടു വാർഡുകളുൾപ്പെടെ ആറു വാർഡുകൾ അച്ചന്കോവിലാറിനു മറുകരയിലാണ്. കല്ലേലി കടവിൽ പാലം വന്നെങ്കിലും മുളകുകൊടിത്തോട്ടം, മാവാനാൽ, കുമ്മണ്ണൂർ, ഐരവൺ പ്രദേശങ്ങളിലെ രണ്ടായിരത്തോളം പേർ ഗതാഗത സൗകര്യത്തിന് ബുദ്ധിമുട്ടുകയാണ്. ഇവിടുത്തെ ജനങ്ങൾക്ക് കൃഷിഭവൻ, പഞ്ചയത്തു ഓഫീസ്, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ എത്തണമെങ്കിൽ കോന്നി പാലം കടന്നു കോന്നി ടൗണിലൂടെ വേണം പഞ്ചായത്ത് ആസ്ഥാനത്തേക്ക് പോകാൻ. മുൻപ് കടത്തു വള്ളങ്ങളിലായിരുന്നു ആളുകൾ മറുകര പോയിരുന്നത്.

നടപടി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന്

മാറി വന്ന ഭരണസമിതികൾ സർക്കാരിന് പാലത്തിനായി നിവേദനം നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടാവാതെ നീണ്ടു പോവുകയായിരുന്നു. ഇപ്പോഴത്തെ ഭരണസമിതി എം.എൽ.എ മുഖേന നൽകിയ നിവേദനത്തെ തുടർന്നാണ് നടപടിയായത്. പാലം വരുന്നതോടെ അച്ചൻകോവിൽ - കോന്നി റോഡിൽ നിന്ന് വേഗം മെഡിക്കൽ കോളേജിലെത്താൻ കഴിയും. ടോട്ടൽ സ്റ്റേഷൻ സർവേയും മണ്ണിന്റെ ഘടന പരിശോധിക്കുന്ന പണികളും പുരോഗമിക്കുകയാണ്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന എ.എ.ആൻഡ് എസ് കൺസ്ട്രക്ഷൻ കമ്പനിയാണ് സർവേ നടത്തുന്നത്.

-12 .25 കോടി രൂപയുടെ ഭരണാനുമതി

......................

പാലം വരുന്നതോടെ കോന്നി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. ശബരിമലയിലേക്കുള്ള യാത്ര സൗകര്യങ്ങൾ വർദ്ധിക്കും. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു മാസങ്ങൾക്കകം ടെൻഡർ ചെയ്യാൻ കഴിയും.

കെ.യു.ജെനീഷ് കുമാർ

എം.എൽ.എ