അടൂർ : ഏറത്ത് പഞ്ചായത്ത് ഭരണസമിതിയുടെ അനങ്ങാപ്പാറ നയങ്ങൾക്കെതിരെ സമര പരിപാടികൾ സംഘടിപ്പിക്കുവാൻ ബി.ജെ.പി ഏറത്ത് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ തെരുവ് വിളക്കുകൾ പുനസ്ഥാപിക്കുക, ജല ജീവൻ മിഷനിലൂടെ വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതി വേഗത്തിലാക്കുക, ജനകീയാസൂത്രണ പദ്ധതികളിൽ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുക, ടെൻഡർ ആയ വികസന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുക, പുതിയ ജനോപകാര പദ്ധതികൾ പ്രഖ്യാപിക്കുക, കൊവിഡ് വാക്സിനേഷൻ നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടികൾ.യോഗം മണ്ഡലം സെക്രട്ടറി സജി മഹർഷികാവ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് അജയ് സി. ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീകുമാർ ചൂരക്കോട്, സെക്രട്ടറി ജിഷ്ണു ജി.നാഥ്, വിവിധ മോർച്ച നേതാക്കളായ വിഷ്ണു ചൂരക്കോട്,സന്തോഷ് വാസു, ഹരികൃഷ്ണൻ, ശ്രീകാന്ത്.എസ്, ശ്രീലേഖ ഹരികുമാർ, രാജേഷ് മുരുകൻ കുന്ന് തുടങ്ങിയവർ പങ്കെടുത്തു.