കോന്നി : യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ളോക്ക് പഞ്ചായത്തിൽ പ്രസിഡന്റായിരുന്ന എം.വി. അമ്പിളിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിന് പിന്നാലെ വൈസ് പ്രസിഡന്റ് ആർ. ദേവകുമാറിനെതിരെയും എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കാണ് നോട്ടീസ് നൽകിയത്. ആഗസ്റ്റ് പത്തിന് മുമ്പ് അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിച്ചേക്കും. യു.ഡി.എഫ് അംഗം ജിജി സജിയുടെ പിന്തുണയോടെയാണ് പ്രസിഡന്റിനെതിരായ അവിശ്വാസം എൽ.ഡി.എഫ് പാസാക്കിയത്.
യു.ഡി.എഫ് -ഏഴ്, എൽ.ഡി.എഫ് -ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റിനെ പുറത്താക്കാൻ തുണച്ച ജിജി സജിയുടെ പിന്തുണയോടെ ദേവകുമാറിനെയും പുറത്താക്കാൻ കഴിയുമെന്ന് എൽ.ഡി.എഫ് കരുതുന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ജിജി സജിയെ ഒപ്പം നിറുത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടതായും, വിശ്വാസ്യതയിൽ എടുക്കാതെയുള്ള നടപടികളാണ് ജിജിക്കുനേരെ ഉണ്ടായതെന്നും നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിക്കുന്നു.