കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ റീസർവെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
അരുവാപ്പുലം വില്ലേജിൽ 36,37,38,39 ബ്ലോക്കുകളിലായി 3757 ഹെക്ടർ ഭൂമിയാണുള്ളത്. ഇതിൽ ഉടമസ്ഥത സംബന്ധിച്ച് ഹാരിസണുമായി കേസ് നിലനിൽക്കുന്ന ബ്ലോക്ക് നമ്പർ 38, റിസർവ് വനമായ ബ്ലോക്ക് 39 എന്നിവ ഒഴികെയുള്ള ഭാഗങ്ങളിലെ റീസർവെ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. സർവെ ഫീൽഡ് ജോലികൾ കൺവൻഷണൽ രീതിയിലാണ് ഇവിടെ പൂർത്തീകരിച്ചിട്ടുള്ളത്. എ.എൽ.സി. പരാതികളും പൂർത്തീകരിച്ചിട്ടുണ്ട്.
കോന്നിതാഴം, തണ്ണിത്തോട്,ചി​റ്റാർ, സീതത്തോട് വില്ലേജുകളിലെ റീ സർവേ ജോലികളും സമയബന്ധിതമായി പൂർത്തീകരിക്കും. എല്ലാ വില്ലേജുകളിലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും റീ സർവേ . റീ സർവെ പൂർത്തിയായ മൈലപ്ര വില്ലേജിലെ അപാകതകൾ പരിഹരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.