റാന്നി: ശബരിമല ഇടത്താവള നിർമ്മാണം, വയൽ നികത്തിയാണന്ന് കാട്ടി സ്വകാര്യവ്യക്തി ദേശീയ,ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ പരിശോധന നടത്തി. ഡെപ്യൂട്ടി കളക്ടർ, റ്റി.ആർ.ഷൈൻ, റാന്നി ഡി. എഫ്. ഒ.ജയകുമാര ശർമ്മ, റാന്നി തഹസിൽദാർ കെ. നവീൻ ബാബു, ഇറിഗേഷൻ അസി.എക്സി.എൻജിനിയർ, പൊല്യൂഷൻ ബോർഡ് പ്രതിനിധി, എന്നിവർ ചേർന്ന കമ്മിഷനാണ്, തെളിവെടുപ്പ് നടത്തിയത്.മാടത്തരുവിയിൽ നിന്ന് ഒഴുകുന്ന തോടിന്റെ കരയാണന്നും പഴവങ്ങാടി പഞ്ചായത്തിൽപ്പെട്ട വയലാണന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പഴവങ്ങാടി പഞ്ചായത്തിലായതിനാൽ പഞ്ചായത്ത് പ്രസിഡന്റ്, അനിതാ അനിൽകുമാറിനോടും സെക്രട്ടറിയോടും കമ്മിഷൻ വിവരങ്ങൾ ആരാഞ്ഞു.പരാതിയിൽ പറയുന്ന സ്ഥലത്തെ തോട്, മാടത്തരുവിയിൽ നിന്ന് വരുന്നതല്ലെന്നും ഇതിനടുത്തുകൂടിയുള്ള മീൻമൂട്ട് പാറ തോടിന്റെ ഭാഗമാണന്നും കമ്മിഷനെ ധരിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽ കുമാർ പറഞ്ഞു.
റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന്റെ പിൻഭാഗത്ത് പഴവങ്ങാടി പഞ്ചായത്ത് സ്വകാര്യ വ്യക്തിയുടെ പക്കൽ നിന്ന് ഏറ്റെടുത്ത് നൽകിയ സ്ഥലത്താണ് 12നിലകളോടുകൂടിയ ഇടത്താവള കെട്ടിടം പണിയാൻ തീരുമാനിച്ചത്.കരാർ നൽകിയ പണികൾ പൂർത്തിയാകാതെ, അനിശ്ചിതത്വത്തിലായിട്ട് 8 വർഷങ്ങൾ കഴിഞ്ഞു. കഴിഞ്ഞ വർഷം പണി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മുൻ കരാറുകാരൻ ചെയ്ത ജോലികളുടെ പരിശോധനാ സർവേ തുടങ്ങിയിരുന്നു.