റാന്നി : റാന്നി താലൂക്ക് ആശുപത്രി പഴയ കെട്ടിടത്തിലെ പ്രധാന കവാടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ചോർന്നൊലിക്കുന്നു. ഒ പി ചികിത്സ സൗകര്യങ്ങൾക്കായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കെട്ടിടത്തിനാണ് ഈ അവസ്ഥ. മഴ പെയ്യുമ്പോൾ ഈർപ്പംമൂലം തുള്ളിയായി വെള്ളം ഇറ്റു വീഴുകയും ചെയ്യുന്നുണ്ട്. കാലങ്ങളായി വെള്ളം വീണു കെട്ടിടത്തിന്റെ മേൽക്കൂരയുടെയും ഭിത്തിയുടെയും നിറംപോലും മങ്ങിയിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒ .പി സമയത്ത് ഇവിടെ ധാരാളം രോഗികൾ വന്നു പോകുന്നുണ്ട്. കൂടാതെ വാർഡുകളും ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാണ് ഇവിടെ എത്തുന്ന രോഗികളുടെയുംമറ്റും ആവശ്യം.