പത്തനംതിട്ട : കുമ്പഴ മത്സ്യമാർക്കറ്റ് നവീകരണം നടപ്പിലാക്കുമ്പോൾ ഗുണഭോക്താക്കളുടെ ആശങ്കകൾ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്ന് പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. പദ്ധതി നിർവഹണ ഏജൻസിയായ കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും ഗുണഭോക്താക്കളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാന മത്സ്യ വിപണന കേന്ദ്രമായ കുമ്പഴ മാർക്കറ്റ് സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുകയാണ്. അടിസ്ഥാനസൗകര്യങ്ങളുടെ കുറവുകാരണം മാർക്കറ്റിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവർക്കും വഴിയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രി വീണാജോർജിന്റെ ശ്രമഫലമായാണ് കിഫ്ബിയിൽ നിന്ന് മാർക്കറ്റ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചത്. മൊത്ത ക്കച്ചവടക്കാരുടേതും ചെറുകിടവ്യാപാരികളുടേതും ഉൾപ്പെടെ നിരവധി വാഹനങ്ങൾ എല്ലാ ദിവസവും വന്നുപോകുന്ന മാർക്കറ്റാണ് ഇത്. മറ്റൊരിടം കണ്ടെത്തി മാർക്കറ്റ് മാറ്റിസ്ഥാപിച്ചുകൊണ്ട് മാത്രമേ സ്ഥലം നവീകരണത്തിനായി വിട്ടുനൽകാൻ സാധിക്കു.
പദ്ധതി നിർവഹണ ഏജൻസിയായ കെ.എസ്.സി.എ ഡി.സിയുടെ എക്‌സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ പദ്ധതി അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാർ, കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിലു ഐ ജി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിബു കെ ആർ, അസിസ്റ്റന്റ് എൻജിനീയർ മനു ജയസിംഹൻ, നഗരസഭാ സെക്രട്ടറി ഷെർല ബീഗം തുടങ്ങിയവർ പങ്കെടുത്തു.