toilet
കുന്നന്താനത്ത് പൂർത്തിയായ ‌ടേക്ക എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയം

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി സെപ്തംബർ ഒന്നിന് ജില്ലയിൽ ഉദ്ഘാടനം ചെയ്യുന്നത് 27 തദ്ദേശസ്ഥാപനങ്ങളിലായി 32 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങൾ. ഇവയുടെ ഫീൽഡ് തല പരി​ശോധന ബ്ലോക്ക് പഞ്ചായത്തിലെ ജനറൽ എക്സ്റ്റൻഷൻ ഓഫീസർമാർ, ഹരിത കേരളം മിഷൻ റസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ ഉൾപ്പെടുന്ന ടീമുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

ഉന്നത നിലവാരത്തിലുള്ള ടോയ്‌ലറ്റ് പൂർത്തീകരണത്തോടൊപ്പം തന്നെ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വഴിയിടം ബോർഡ്, നാപ്കിൻ ഡിസ്‌ട്രോയർ യൂണിറ്റ്, ആകർഷകമായ പെയ്ന്റിംഗ്, വാഷ് ബേസിൻ, കണ്ണാടി തുടങ്ങിയവ സജ്ജീകരിച്ചു. വഴിയാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കത്തക്കവണ്ണമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പുതിയ ടോയ്‌ലറ്റ് നിർമ്മിക്കുന്നതനോടൊപ്പം തന്നെ നിലവിലുള്ളവയെ നവീകരിച്ചും ടേക്ക് എ ബ്രേക്കിന്റെ ഭാഗമാക്കാം. പ്രീമിയം തലത്തിൽ കോഫി ഷോപ്പും പ്രവർത്തിപ്പിക്കാം.
പൂർത്തീകരിക്കുന്ന ടോയ്‌ലറ്റ് സമുച്ചയങ്ങളുടെ പരിപാലന ചുമതല തദ്ദേശസ്ഥാപനങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പേ ആന്റ് യൂസ് മാതൃകയിൽ കുടുംബശ്രീ യൂണിറ്റുകളാണു നിർവഹിക്കുക. ശുചിമുറിയുടെ പരിപാലനത്തിനായി ചുമതലപ്പെടുത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കു പ്രതിദിനം 300 രൂപ വരുമാനം ഉറപ്പാക്കും. ഇതിന് കഴിഞ്ഞില്ലെങ്കിൽ ആവശ്യമായി വരുന്ന അധിക തുക വയബിലിറ്റി ഗ്യാപ്പ് ഫണ്ട് എന്ന നിലയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീ യൂണിറ്റുകൾക്കു നൽകണം.

6.40 കോടിയുടെ പദ്ധതി

ആകെ ആറു കോടി നാൽപ്പതു ലക്ഷം രൂപയ്ക്കുള്ള 87 പ്രോജക്ടുകൾക്കാണ് തദ്ദേശസ്ഥാപനങ്ങൾ രൂപം നൽകിയത്. 68 പ്രോജക്ടുകളാണു നിർവഹണ പുരോഗതിയിലുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ വികസനഫണ്ട്, ശുചിത്വമിഷൻ വിഹിതം എന്നിവ ഉപയോഗിച്ചാണ് പ്രോജക്ടുകൾ രൂപീകരിച്ചിട്ടുള്ളത്.
ജില്ലയിൽ ആദ്യമായി ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയത് കൊടുമൺ ഗ്രാമപഞ്ചായത്തിലാണ്.

ഉദ്ഘാടനത്തിന് ഒരുങ്ങി​യവ

അടൂർ, പത്തനംതിട്ട നഗരസഭകൾ, ആനിക്കാട്, കോട്ടാങ്ങൽ, റാന്നിപെരുനാട്, മല്ലപ്പള്ളി, ചിറ്റാർ, നാറാണംമൂഴി, വെച്ചൂച്ചിറ, കുളനട, പന്തളംതെക്കേക്കര, മലയാലപ്പുഴ, വള്ളി​ക്കോട്, അരുവാപ്പുലം, പ്രമാടം,

കോന്നി, സീതത്തോട്, റാന്നിപഴവങ്ങാടി, ഓമല്ലൂർ, ഇരവപേരൂർ, നെടുമ്പ്രം, കല്ലൂപ്പാറ, കുന്നന്താനം, കടമ്പനാട്, ഏനാദിമംഗലം, മെഴുവേലി, നിരണം ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. 21 എണ്ണം അടിസ്ഥാനതലത്തിലുള്ളവയും 9 എണ്ണം സ്റ്റാൻഡേർഡ് തലത്തിലും ഓമല്ലൂർ, ഇരവി​പേരൂർ എന്നിവിടങ്ങളലേത് പ്രീമിയം തലത്തിലുള്ളവയുമാണ്.

കരാറായില്ല

പന്തളം നഗരസഭയിൽ ഏറ്റെടുത്ത 5 പ്രോജക്ടുകളിൽ 4 എണ്ണവും കരാറുകാരനെ ലഭിക്കാത്തതിനാൽ നിർമ്മാണം ആരംഭിക്കാൻ സാധിച്ചിട്ടില്ല. രജിസ്ട്രാർ ഓഫീസനോടനുബന്ധമായി ജില്ലാ കളക്ടർ സ്ഥലം ഏറ്റെടുത്ത് നൽകിയെങ്കിലും വകുപ്പിന്റെ എതിർപ്പുമൂലം നിർമ്മാണം തടസപ്പെട്ടു. ഇലന്തൂർ, കടപ്ര, വെച്ചൂച്ചിറ, വടശ്ശേരിക്കര എന്നിവിടങ്ങളിലും നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കോയിപ്രം, കുളനട, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകൾക്ക് വിവിധ വകുപ്പുകളിൽ നിന്നായി സ്ഥലം ഏറ്റെടുത്ത് നൽകിയെങ്കിലും നിർമ്മാണം ആരംഭിക്കാൻ സാധിച്ചിട്ടില്ല.