കടമ്പനാട് : ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പള്ളിക്കൽ പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡി കാറ്റഗറിയിലായിരുന്നു പഞ്ചായത്ത് . 21ന് 6രോഗികൾ ആണ് ഉണ്ടായിരുന്നത്. 29 ആയപ്പോൾ 43 ആയി ഉയർന്നു. 28നും 26നും 26 രോഗികൾ വീതം. ഡി കാറ്റഗറി ആയിട്ടും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. പൊലീസ് നിയന്ത്രണം പെറ്റി പിടിത്തത്തിൽ ഒതുങ്ങി. കടകൾ സമയത്ത് അടപ്പിക്കും എന്നതിനപ്പുറത്തേക്ക് ഒരു നിയന്ത്രണങ്ങളും ഉണ്ടായില്ല. കശുവണ്ടി ഫാക്ടറി പ്രവർത്തിച്ചു, തൊഴിലുറപ്പ് സൈറ്റുകളിൽ യാതൊരു മാനദണ്ഡവുമില്ലാതെ ജോലി തുടർന്നു. അതിർത്തികൾ അടക്കാത്തതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ആഴ്ച പിരുവുകാർ, വീടുകയറി കച്ചവടം നടത്തുന്നവർ എന്നിവർ സജീവമായിരുന്നു. നിയന്ത്രണങ്ങളിൽ കാട്ടിയ ഉദാസീനതയാണ് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ ഇടയായതെന്ന ആരോപണം ശക്തമാണ്.