തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് ചോർത്തി വിറ്റ കേസിലെ മൂന്നാം പ്രതിയും കമ്പനി ജീവനക്കാരനുമായ അരുൺ കുമാറിന്റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റ് മറിച്ചുവിറ്റ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അരുൺകുമാറിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നുമുള്ള പൊലീസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. അതേസമയം ഒളിവിലുള്ള മറ്റു പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സ് പി.ഏബ്രഹാം, പേഴ്സണൽ മാനേജർ പി.യു. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ പ്രതികളായതിന് പിന്നാലെ ട്രാവൻകൂർ ഷുഗേഴ്സ് എം ഡി യോഗേഷ് ഗുപ്ത മൂന്ന് പേരെയും സസ്പെൻഡ് ചെയ്തിരുന്നു. മൂവരുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. രണ്ടാഴ്ച മുമ്പ് പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളിയിരുന്നു.