p-fruit

തണ്ണിത്തോട്: റബർ കൃഷിയിൽ മാത്രം ഒതുങ്ങാതെ വൈവിദ്ധ്യത്തിന്റെ പാതയിലാണ് പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റ്. ഇതിന്റെ ഭാഗമായി തണ്ണിത്തോട് - തേക്കുതോട് റോഡരികിലെ കല്ലാറിന്റെ തീരത്ത് ഒരു ഹെക്ടർ സ്ഥലത്ത് പാഷൻ ഫ്രൂട്ട് തോട്ടം ഒരുങ്ങുന്നു. എസ്റ്റേറ്റിലെ എ ഡിവിഷനിൽ ആദ്യ തൈ നട്ടുകൊണ്ട് പ്ലാറ്റേഷൻ കോർപ്പറേഷൻ ജനറൽ മാനേജർ ജെസ്റ്റസ് കരുണ രാജൻ ഉദ്ഘാടനം ചെയ്തു. കൊടുമൺ എസ്റ്റേറ്റിൽ തൈകൾ പാകി കിളിർപ്പിച്ച 2000 തൈകളാണ് ഇവിടെ പ്ലാന്റ് ചെയ്യുന്നത്. ഇതിനായി ഭൂമി ഒരുക്കി പൈപ്പുകൾ സ്ഥാപിക്കുന്ന പണികൾ ഒരു മാസമായി എസ്റ്റേറ്റിൽ നടന്നുവരികയായിരുന്നു. പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും. വേനൽക്കാലത്തു പാഷൻ ഫ്രൂട്ട് തോട്ടത്തിലേക്ക് ജലസേചന സൗകര്യം ഒരുക്കുന്നതിനായി എട്ടു ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചതായി എസ്റ്റേറ്റ് മാനേജർ ജോൺ തോമസ് പറഞ്ഞു. രണ്ടു ഹെക്ടറിൽ കറുവപ്പട്ട തൈകളും മംഗള ഇനം കമുകുകളും തെങ്ങിൻ തൈകളും വച്ച് പിടിപ്പിച്ചിട്ടുണ്ട്. ചീമേനി എസ്റ്റേറ്റിലെ നാടുകാണിയിൽ നിന്നാണ് കറുവ തൈകൾ എത്തിച്ചത്.