കടമ്പനാട് : പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കല്ലടയാറിന് കുറുകെ മണ്ണടി - താഴത്തു കുളക്കട ,ചെട്ടിയാരഴികത്തു കടവിൻ നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകളുടെ കോൺക്രീറ്റിംഗ് തുടങ്ങി. ഇരു പ്രദേശത്തും വികസനപരമായി ഏറെ പ്രതീക്ഷ നൽകുന്ന പാലമാണിത്.130.70 മീറ്റർ നീളവും 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലുമായി 1.50 മീറ്റർ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയാണ് പാലത്തിന് ഉണ്ടാകുക. 32 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളും 29.75 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളും ഉണ്ടാകും. പാലത്തിന്റെ മണ്ണടി ഭാഗത്ത് 390 മീറ്റർ നീളത്തിലും കുളക്കട ഭാഗത്ത് 415 മീറ്റർ നീളത്തിലും ഇരുവശത്തും ഓടകൾ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളും വരും. 10.32 കോടി ചിലവിലാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന് വെള്ളത്തിൽ മൂന്നു തൂണുകളും ഇരുകരകളിലുമായി രണ്ടു തൂണുകളുമാണുള്ളത്. പാലം പണി പൂർത്തിയാകുന്നതോടെ കടമ്പനാട് നിന്നും കുളക്കട വഴി കൊട്ടാരക്കരക്കും, കുണ്ടറ വഴി കൊല്ലത്തിനുമുള്ള എളുപ്പ മാർഗമാണിത്.
കൂടാതെ മണ്ണടിയും കുളക്കടയും ഗ്രാമങ്ങളിലേക്കും എളുപ്പമാകും. വർഷങ്ങൾക്കു മുൻപു തന്നെ ചെട്ടിയാരഴികത്തു കടവിൽ കടത്ത് ഉള്ളതായിരുന്നു. കടത്ത് കാത്തിരിക്കുന്ന കാത്തിരി പ്പുകേന്ദ്രം ഇപ്പോഴും ആറ്റിന്റെ കരയിലുണ്ട്. കടത്തുള്ളതിനിൽ മണ്ണടി കടമ്പനാട് ചന്തകളിൽ കച്ചവടത്തിനായി നിരവധി ആളുകൾ എത്തിയിരുന്നു. കടത്ത് നിറുത്തിയതോടെ കച്ചവടക്കാർ എത്താതായി. പുതിയ പാലം വരുന്നതോടുകൂടി ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് മണ്ണടി കുളക്കട പ്രദേശത്തെ ആളുകൾ.
...........................