al-sheeja
ഡോ. എ.എൽ ഷീജ (ഡി.എം.ഒ)

പത്തനംതിട്ട : വീണ്ടും ഒരോണക്കാലം എത്തുമ്പോൾ ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. ഇങ്ങനെ പോയാൽ ഇത്തവണയും ഒാണം കൊവിഡിനെതിരെയുള്ള പോരാട്ടത്തിനൊപ്പമായിരിക്കും. ഒന്നര വർഷമായി കൊവിഡ് പ്രതിരോധം തുടരുകയാണ്. കൊവിഡ് വർദ്ധിച്ച അന്നു മുതൽ മെഡിക്കൽ ലീവ് അല്ലാതെ ഒരു ലീവ് പോലും ആരോഗ്യ പ്രവർത്തകർ എടുക്കാറില്ല. ഇതിനിടെ പലരും കൊവിഡ് രോഗ ബാധിതരായി. കൊവിഡാനന്തര രോഗങ്ങളും ക്ഷീണവുമെല്ലാം ഇവരിലുമുണ്ടെങ്കിലും ജോലിയ്ക്ക് എത്താതിരിക്കാനാവില്ല.

കൊവിഡ് പ്രതിരോധത്തിൽ തുടക്കം മുതൽ പ്രവർത്തിക്കുന്നവരുടെ അനുഭവങ്ങളിലൂടെ.

ശ്രമം തുടരുകയാണ്

സഹപ്രവർത്തകരിൽ 99 ശതമാനവും ജോലിയോട് ആത്മാർത്ഥതയുള്ളവരാണ്. അവധി പോലും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ലഭിക്കുക. കഴിഞ്ഞ വർഷവും കൊവിഡ് ജോലിയിലായിരുന്നു ആരോഗ്യ മേഖലയിലെ എല്ലാവരുടെയും ഓണം. ഇത്തവണ അങ്ങനെയാവാതിരിക്കട്ടെ.

ഡോ. എ.എൽ ഷീജ,

ഡി.എം.ഒ

ആശങ്ക തുടരുന്നു

കൊവിഡ് വർദ്ധിക്കുമോയെന്ന ആശങ്കയുണ്ട്. സഹപ്രവർത്തകരെല്ലാം ഒരുമിച്ച് നിൽക്കുന്നുവെന്നതാണ് ആശ്വാസം. അധികൃതരും ജനങ്ങളും എല്ലാവരും ഒന്നിച്ചു ശ്രമിച്ചാലെ കൊവിഡിൽ നിന്നൊരു മോചനം ഉണ്ടാകു.

ഡോ. നന്ദിനി

(എൻ.എച്ച്.എം ഡി.പി.എം)

ആഘോഷം പിന്നെയും ആകാം

ഒാണവും ക്രിസ്മസുമൊക്കെ ഇനിയുമുണ്ട്. ആഘോഷങ്ങൾ പിന്നെയും വരും. പക്ഷെ ഒരാളുടെ ജീവൻ അങ്ങനെയല്ലല്ലോ. കുഞ്ഞു കുട്ടികളുള്ളവരും പ്രായമായവരും ഞങ്ങളുടെ വീടുകളിലുണ്ട്. പലർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

സുമ (നഴ്സിംഗ് സൂപ്രണ്ട്)

ജോലി അല്ലെങ്കിൽ ക്വാറന്റൈൻ

എല്ലാ വിശേഷ ദിവസങ്ങളിലും കൊവിഡ് ഡ്യൂട്ടി അല്ലെങ്കിൽ ഡ്യൂട്ടി കഴിഞ്ഞുള്ള ക്വാറന്റൈൻ ആയിരിക്കും. കൂടെയുള്ള സ്റ്റാഫ് പോസിറ്റീവ് ആയപ്പോൾ കല്യാണം കഴിഞ്ഞു മൂന്ന് ദിവസം ആയ സ്റ്റാഫിനെ ഡ്യൂട്ടിക്ക് വിളിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

എ. സുനിൽ (റേഡിയോളജിസ്റ്റ്)

ജോലിയാണ് മുഖ്യം

ഇത്രയും വലിയൊരു പ്രതിരോധത്തിനൊപ്പം നിൽക്കുന്നുവെന്നത് തന്നെ സന്തോഷമാണ്. ജില്ലയിലെ ആദ്യത്തെ കേസ് മുതൽ കൊവിഡ് ജോലിയിൽ ഉണ്ട്. ആദ്യമൊക്കെ ഭയമുണ്ടായിരുന്നെങ്കിലും പിന്നീട് അതും ജീവിതത്തിന്റെ ഭാഗമായി.

എൻ.ബി ശോഭന (നഴ്സിംഗ് അസിസ്റ്റന്റ്)

ആദ്യം ജീവൻ, പിന്നെ അവധി

തുടക്കം മുതൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായതിനാൽ ഇപ്പോൾ വലിയ പേടിയൊന്നുമില്ല. പക്ഷെ കൺമുമ്പിൽ പലരുടേയും മരണം കാണേണ്ടി വന്നത് വേദനയാണ്. ഇന്നലെ വരെ സംസാരിച്ചിരുന്നവരെ ഇന്ന് കാണാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. അവധികളൊക്കെ അതിന് മുമ്പിൽ എത്ര ചെറുതാണ്.

വി. ഷൈലജ (അറ്റൻഡർ, ക്ലിനിംഗ് സ്റ്റാഫ്)

കണക്കുകളിൽ ആശങ്ക

വീട്ടിൽ കുട്ടികളൊക്കെയുള്ളതിനാൽ പേടിയുണ്ടായിരുന്നു. കൊവിഡ് കണക്കുകൾ ദിവസവും കാണാനുള്ള സമയം പോലുമില്ലായിരുന്നു പലപ്പോഴും. ഇപ്പോൾ കണക്കുകളിൽ വർദ്ധനവുണ്ട്. ഓണം ആകുമ്പോഴേക്കും ഇതിൽ കൂടുമോയെന്നാണ് സംശയം. കഴിഞ്ഞ തവണ ആശുപത്രിയിലായിരുന്നു ഓണം.

ഡോ. ജയശ്രീ