റാന്നി: വ്യാജവാറ്റു സംഘത്തെ പിടിക്കാനെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി ഒന്നരമാസത്തിന് ശേഷം പിടിയിൽ. കുരുമ്പൻമൂഴി മരുതിമൂട്ടിൽ വിജയന്റെ മകൻ ജയൻ (29) ആണ് പിടിയിലായത്. മണ്ണടിശാലയിലെ ലയത്തിൽ കഴിഞ്ഞ മാസം ചാരായ നിർമ്മാണം നടക്കുന്നതറിഞ്ഞെത്തിയ പൊലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.കൂട്ടുപ്രതികളായ ശാന്ത,കൊച്ചുമോൻ എന്നിവർ പിടിയിലാവുകയും കോടതി ഇവരെ റിമാൻഡു ചെയ്യുകയും ചെയ്തിരുന്നു. ജയൻ കുരുമ്പൻമൂഴിയിലെ കാട്ടിൽ ഒളിവിലിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് റാന്നി ഡിവൈ.എസ്.പി മാത്യു ജോർജിന്റെ നിർദ്ദേശ പ്രകാരം വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ എസ്. ഷൈൻ,എസ്.ഐ സന്ദീപ്,എ.എസ്.ഐമാരായ അനിൽകുമാർ,കൃഷ്ണൻകുട്ടി,ജനമൈത്രി ബീറ്റ് ഓഫീസറായ ശ്യാംമോഹൻ,സി.പി.ഒമാരായ വിഷ്ണു,സുബാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.