റാന്നി: പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് തൊഴിൽ ലഭിക്കുന്നതിനു വേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് പട്ടികജാതി മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു . അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ജോലി സംബന്ധമായ മാർഗനിർദേശം നൽകാൻ ഇപ്പോൾ ആരുമില്ലെന്ന കാര്യം എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. കോഴ്സ് കഴിഞ്ഞ് ഏതു തൊഴിലാണ് ചെയ്യേണ്ടത്, തൊഴിലിനു വേണ്ടി ആരെയാണ് സമീപിക്കേണ്ടത് അതല്ലെങ്കിൽ വിദേശത്ത് പോകാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് ഇതെല്ലാം സംബന്ധിച്ച് ഇവരെ ബോധവാന്മാരാക്കാൻ സർക്കാർതന്നെ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്.