ഒരിക്കൽ മായാവി എന്ന അസുരനുമായി ബാലി യുദ്ധം ചെയ്തു. ബാലി മരിച്ചുവെന്ന് കരുതിയ സുഗ്രീവൻ കിഷ്‌ക്കിന്ധയിൽ പോയി രാജ്യഭാരമേറ്റു. കുറേക്കാലം കഴിഞ്ഞ് തിരികെവന്ന ബാലി സുഗ്രീവനെ വധിക്കുവാനായി എത്തി. മതംഗമുനിയുടെ ശാപം ഉള്ളതിനാൽ ബാലിക്ക് പ്രവേശിക്കാൻ കഴിയാത്ത ഋഷ്യമൂകാചലത്തിൽ സുഗ്രീവൻ അഭയം പ്രാപിച്ചു. രാജ്യം വീണ്ടെടുത്ത് തരാം എന്ന് രാമൻ ഉറപ്പുകൊടുത്തു. ബാലി മൽപിടുത്തത്തിനായി ഉപയോഗിക്കുന്ന ഏഴ് വൃക്ഷങ്ങൾ ഒറ്റ അസ്ത്രത്താൽ മുറിച്ച രാമൻ തന്റെ കഴിവ് തെളിയിച്ചു.
സുഗ്രീവൻ ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ചു. ബാലിയെ പിന്തിരിപ്പിക്കാൻ പത്‌നി താര ശ്രമിച്ചെങ്കിലും ബാലി പിന്മാറിയില്ല. ബാലി സുഗ്രീവന്മാർ തമ്മിലുള്ള യുദ്ധത്തിനിടെ രാമൻ അസ്ത്രമയച്ച് ബാലിയെ വധിച്ചു. എന്തിനു തന്നെ വധിച്ചു എന്ന ബാലിയുടെ ചോദ്യത്തിന് മറുപടിയായി ബാലിയുടെ തെറ്റുകൾ രാമൻ ബോദ്ധ്യപ്പെടുത്തി. രാമന്റെ വാക്കുകളിലൂടെ തന്റെ ധർമ്മച്യുതി മനസ്സിലാക്കിയ ബാലി, രാമന്റെ മടിയിൽ, തലോടലേറ്റ് ജീവൻ വെടിയുന്നു.
ബാലിയുടെ മരണമറിഞ്ഞ് താര ആർത്തലച്ചെത്തി. കൂടെ അംഗദനുമുണ്ട്. ബാലിയുടെ കാൽക്കൽ അവർ രണ്ടുപേരും വിലപിച്ചുകൊണ്ടിരുന്നു. വിലപിക്കുന്ന താരയോട് രാമൻ ആത്മതത്വം ഉപദേശിച്ചു. - "എന്തിന് വൃഥാ നീ വേദനിക്കുന്നു. അതിന്റെ യാതൊരാവശ്യവും ഇല്ല എന്ന് മനസ്സിലാക്കുക. നിന്റെ ഭർത്താവ് ശരീരമാണോ, ജീവനാണോ എന്ന് ചിന്തിക്കുക. "

രാമനിൽ നിന്ന് ആത്മതത്വം ഗ്രഹിച്ച താരയുടെ ദുഃഖം വിട്ടകലുന്നു.
രാമന്റെ നിർദ്ദേശപ്രകാരം സുഗ്രീവൻ അംഗദനെക്കൊണ്ട് ബാലിയുടെ മരണാന്തര കർമ്മങ്ങൾ ചെയ്യിക്കുന്നു. അതിനുശേഷം രാജ്യഭാരം ഏൽക്കുന്നു. അംഗദനെ വേണ്ടവിധം പരിപാലിക്കാനും, സീതാന്വേഷണം തുടരാനും സുഗ്രീവനോട് നിർദ്ദേശിച്ച് രാമലക്ഷ്മണന്മാർ പർവ്വതമുകളിലെ ഗുഹയിൽ ചാതുർമാസവ്രതം അനുഷ്ഠിച്ചു.