മല്ലപ്പള്ളി : തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട ഹിയറിംഗ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. റോഡിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ഹിയറിംഗ് പൂർത്തീകരിച്ച് എക്‌സ്‌പേർട്ട് കമ്മിറ്റിയെ നിയോഗിച്ച് നടപടികൾ ത്വരിതപ്പെടുത്തും. ഏറ്റെടുക്കേണ്ട 2.3835 ഹെക്ടർ ഭൂമിയിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കുറ്റപ്പുഴ, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് വില്ലേജുകളിലായി 2.0305 ഹെക്ടറും കോട്ടയം ജില്ലയിലെ നെടുങ്കുന്നം, പായിപ്പാട് വില്ലേജുകളിലായി 0.3530 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. റോഡിന്റെ സോഷ്യൽ ഇംപാക്ട് സ്റ്റഡി ഉടൻ പൂർത്തിയാക്കാനും നിർവഹണ ഏജൻസിക്ക് മന്ത്രി നിർദ്ദേശം നൽകി. നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. റോഡിനായി സർക്കാർ 2016ലെ ബഡ്ജറ്റിൽ ഫണ്ട് നൽകിയെങ്കിലും ചില കാരണങ്ങളാൽ വൈകിയ പദ്ധതി കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് അഡ്വ.മാത്യു ടിതോമസ് എം.എൽ.എ പറഞ്ഞു. റോഡിനായി ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം സാങ്കേതിക കാരണങ്ങളാൽ വൈകുന്നത് പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. പദ്ധതിയുടെ നാൾവഴി പരിശോധിക്കുമ്പോൾ അനാവശ്യ കാലതാമസം ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടത് ഒഴിവാക്കണമെന്നും അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ. പറഞ്ഞു. റോഡുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കാലതാമസം ഉണ്ടാകാതെ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ യോഗത്തിൽ പറഞ്ഞു. ഇതിനായി ടൈം ഷെഡ്യൂൾ തയ്യാറാക്കി അവലോകനം നടത്തി റോഡിന്റെ പൂർത്തീകരണത്തിനായി നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. യോഗത്തിൽ ലാൻഡ് റവന്യൂ കമ്മിഷർ കെ.ബിജു, കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, പത്തനംതിട്ട എൽ.എ ഡെപ്യൂട്ടി കളക്ടർ ടി.എസ് ജയശ്രീ, എൽ.എ സ്‌പെഷ്യൽ തഹസിദാർ റെജീന, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.