പന്തളം: പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതിൽ മാത്രമല്ല ആൻ മറിയം തോമസ് മാതൃകയാകുന്നത്. വലിയ പ്രതിസന്ധി ഘട്ടത്തിൽ മനസ് തളരാതെ പൊരുതി നേടിയ വിജയം സ്വന്തമാക്കിരിക്കുകയാണ് ഈ മിടുക്കി. അപകടത്തെ തുടർന്ന് കാലിന് ഗുരുതര പരിക്കേറ്റ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ തുമ്പമൺ എം.ജി.എം.ഹയർ സെക്കൻഡറി സ്‌കൂളിലെ ആൻ മറിയം തോമസിന് 1200യിൽ 1154 മാർക്ക് വാങ്ങി ഫുൾ എ പ്ലസ് നേടിയത്. കൊവിഡ് ഇളവുകൾ പ്രകാരം കഴിഞ്ഞ ഫെബ്രുവരി മൂന്നിന് സംശയ നിവാരണത്തിനായി തുമ്പമൺ എം.ജി.എം.സ്ക്കൂളിലെത്തിയ ആൻ മറിയം തോമസ് തിരികെ അമ്മയോടൊപ്പം വൈകിട്ട് 4ന് സ്‌കൂട്ടറിൽ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഉളനാട് വെച്ച് ടോറസ് ലോറിയുടെ ടയറുകൾക്കിടയിൽപ്പെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റ ആൻ മറിയത്തിനെ കോട്ടയം മാതാ ആശുപത്രിയിൽ പത്തോളം ശസ്ത്രക്രിയ്ക്ക് വിധേയമായി .ചികിത്സയ്ക്കിടെയിലാണ് പരീക്ഷ നടന്നത്. കടുത്ത വേദനയിൽ പരീക്ഷ ഇരുന്നെഴുതാൻ സാധിക്കാത്തതിനാൽ സഹായിയെ വയ്ക്കാൻ അധികൃതരിൽ നിന്നും ഉത്തരവ് ലഭിച്ചു. എങ്കിലും സ്വന്തം കൈപ്പടയിൽ പരീക്ഷ എഴുതണമെന്ന തീരുമാനത്തിൽ ആൻ മറിയം ഉറച്ചു നിന്നു. അങ്ങനെ പ്രത്യേകമായി തയാറാക്കിയ ചാരുകസേരയിൽ കിടന്നാണ് പരീക്ഷ എഴുതിയത്. കെടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് പള്ളി വികാരി കുളനട - ഉളനാട് വടക്കേടത്ത് ഗ്രേസ് വില്ലയിൽ ഫാദർ.ബിനു തോമസിന്റെയും തുമ്പമൺ എം.ജി.എച്ച്.എസിലെ മലയാളം അദ്ധ്യാപിക രജനി ജോണിന്റെയും മകളാണ്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥി ജോൺ തോമസ് സഹോദരനാണ്.