കോന്നി: പഠനം തുടങ്ങിയത് മുതൽ ഒരുമിച്ച് മുന്നേറിയവർ ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ മാർക്ക് നേടിയും ഒരുമയുടെ സൗഹൃദം നിലനിറുത്തി. കോന്നി ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ഗായത്രിയും നന്ദനയുമാണ് അപൂർവനേട്ടത്തിന്റെ അവകാശികൾ. എൽ.കെ.ജി മുതൽ ഒരു ക്ലാസ്സിൽ പഠനം ആരംഭിച്ച ഇരുവരും പന്ത്രണ്ടാം ക്ലാസ്സിൽ എത്തിയപ്പോൾ 1200 മാർക്കും സ്വന്തമാക്കുകയായിരുന്നു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തിരുവാതിരയ്ക്ക് മികച്ച ഗ്രേഡ് നേടാൻ ഇരുവർക്കും സാധിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമതി അദ്ധ്യക്ഷനും ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവനക്കാരനുമായ ഐരവൺ ശ്രീസദനത്തിൽ ശ്രീകുമാറിന്റെയും പേരുർക്കുളം ഗവ എൽ.പി.എസിലെ അദ്ധ്യാപിക സുപ്രിയയുടെയും മകളാണ് ഗായത്രി. ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച ഉഷാസദനത്തിൽ അനിൽകുമാറിന്റെയും ഇതേ സ്‌കൂളിലെ അദ്ധ്യാപിക സിന്ധുവിന്റെയും മകളാണ് നന്ദന ബോസ്. ആതുരസേവന രംഗത്ത് ശോഭിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.