തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ചോർത്തിവിറ്റ കേസിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഒന്നു മുതൽ മൂന്നുവരെ പ്രതികളായ ടാങ്കർ ലോറി ഡ്രൈവർമാരായ നന്ദകുമാർ, സിജോ തോമസ്, കമ്പനി ജീവനക്കാരൻ അരുൺകുമാർ എന്നിവരുടെ റിമാൻഡ് കാലാവധി അടുത്തമാസം 13 വരെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നീട്ടി. ഇവരുടെ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളിയതിനെ തുടർന്ന് ഒന്നും മൂന്നും പ്രതികൾ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലും രണ്ടാംപ്രതി ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകി. ഒന്നും മൂന്നും പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ജില്ലാ കോടതി അടുത്തയാഴ്ചത്തേക്കും രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്കും മാറ്റി. ഇതേകേസിലെ ഒളിവിലുള്ള നാലു മുതൽ ആറുവരെ പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സ് പി.എബ്രഹാം, പേഴ്സണൽ മാനേജർ പി.യു ഹാഷിം, പ്രൊഡക്ഷൻ മാനേജർ കെ.സി. മേഘാ മുരളി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കാനായി തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി. കേസിലെ ഏഴാം പ്രതിയായ മറ്റൊരു സ്പിരിറ്റ്‌ കേസിൽ മദ്ധ്യപ്രദേശിലെ ബർവാണി ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മഹാരാഷ്ട്ര സ്വദേശി സതീഷ് ബാൽ ചന്ദ് വാനിയെ തിങ്കളാഴ്ച രാവിലെ തിരുവല്ല കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.