കൊടുമൺ: കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിച്ച് അങ്ങാടിക്കൽ എസ്.എൻ.വി. ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് വിജയത്തിളക്കം. ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 245 വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 23 ഫസ്റ്റ് ക്ലാസുകൾ ഉൾപ്പെടെ 91% വിജയം കൈവരിച്ചു. സയൻസ് വിഷയത്തിൽ 1200ൽ 1200 മാർക്കും നേടിയാണ് ആഷിമ രമേഷ് വിജയിച്ചത്. അങ്ങാടിക്കൽ കൈതക്കുഴി വീട്ടിൽ രമേഷ് കുമാറിന്റെയും തുഷാരയുടെയും മകളാണ് ആഷിമ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ അംഗമായ ആഷിമയ്ക്ക് ഡോക്ടറാകാനാണ് ആഗ്രഹം. എൻട്രസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നു. കേരള സ്‌കൂൾ കലോത്സവത്തിൽ സംസ്‌കൃത ഉപന്യാസ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. സഹോദരൻ ആഷിക് 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സയൻസ് വിഭാഗത്തിൽ 1200ൽ 1199 മാർക്ക് വാങ്ങിയാണ് പി. കൃഷ്ണപ്രിയ വിജയിച്ചത്. അങ്ങാടിക്കൽ തെക്ക് പ്ലാമൂട്ടിൽ പ്രഗത്ഭന്റെയും സ്‌കൂൾ ജീവനക്കാരി ടി.എൻ. മിനികുമാരിയുടെയും മകളാണ് കൃഷ്ണപ്രിയ. കേരളസ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.