ചിറ്റാർ: സീതത്തോട് നിലയ്ക്കൽ കുടിവെള്ള വിതരണ പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് 2022 ജൂലായിൽ കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സീതത്തോട് നിലയ്ക്കൽ കുടിവെള്ള വിതരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് സീതത്തോട് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിർമ്മാണം ഒൻപത് കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു. ഇപ്പോൾ 120 കോടി രൂപയുടെ പ്രവർത്തനം നടന്നുവരികയാണ്. പ്ലാപ്പള്ളി ആങ്ങമൂഴി ഭാഗത്തെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തനം ഏകദേശം പൂർത്തീകരിച്ചിട്ടുണ്ട്. സീതത്തോട് ആങ്ങമൂഴി ഭാഗത്തിന്റെയും പ്ലാപ്പള്ളി നിലയ്ക്കൽ ഭാഗത്തിന്റെയും റോഡിന്റെയും ഡിസ്ട്രിബ്യൂഷൻ ലൈനിന്റെയും നിർമാണ പ്രവർത്തനം പൂർത്തീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറ‌ഞ്ഞു.

എം.എൽ.എമാരായ അഡ്വ.കെ.യു. ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. പ്രമോദ്, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ എസ്. സേതുകുമാർ, സൂപ്രണ്ടിംഗ് എൻജിനീയർ ഉഷ രാധാകൃഷ്ണൻ, പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എൻജിനിയർ ബി. വിനു, എ.എക്‌സ്.ഇ ബി. ശ്രീലത, എഇ ഷാജി ജോൺ തുടങ്ങിയവർ പങ്കെടുത്തു.