പത്തനംതിട്ട : നഗരസഭയിലെ സ്ഥാപനങ്ങളുടെ ലൈസൻസ് പൂർണമായും ഓൺലൈനാകുന്നു. ഇതിനായി സ്ഥാപനങ്ങളുടെ വിവരശേഖരണം ആരംഭിച്ചു. നിലവിൽ ലൈസൻസുള്ള സ്ഥാപനങ്ങളുടെ വിവരമാണ് ശേഖരിക്കുന്നത്. പുതിയ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും ആവശ്യക്കാർ നേരിട്ടെത്തി അപേക്ഷ നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്. പുതുക്കലുമായി ബന്ധപ്പെട്ട് ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ നിരവധി പേർ ഒരുമിച്ചെത്തുന്നത് തിരക്കും കാലതാമസവും ഉണ്ടാക്കുന്നുണ്ട്. ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതോടെ ഈ പരിമിതികളെ പൂർണമായും മറികടക്കാനാകും.