canal

കോഴഞ്ചേരി : ടൗണിന്റെ ഹൃദയ ഭാഗത്തിലൂടെ പതിറ്റാണ്ടുകളായി മാലിന്യവാഹിനിയായി ഒഴുകുന്ന കണിയാംചാലിനെ പുനരുദ്ധരിക്കാനുള്ള നടപടികൾ തുടങ്ങി.

കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിച്ച് സി.കേശവൻ സ്ക്വയറിന് മുൻപിലൂടെ മിനി സിവിൽ സ്റ്റേഷൻ പരിസരം വഴി പമ്പാ നദിയിൽ എത്തിച്ചേരുന്ന തോടാണിത്.

50 ശതമാനം നവീകരണ ജോലികളാണ് ഇന്നലെ നടന്നത്. സർക്കാരിന്റെ ജൈവ വൈവിദ്ധ്യ പരിപാലന സമിതി ഫണ്ടിൽ നിന്ന് 1,30,000 രൂപ ചെലവഴിച്ചാണ് പ്രാഥമിക ശുചീകരണം ആരംഭിച്ചത്. തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യശേഖരവും വളർന്നു നിന്ന മരങ്ങളും മറ്റുമാണ് ഇന്നലെ ജെ.സി.ബി ഉപയോഗിച്ചും തൊഴിലാളികളുടെ അദ്ധ്വാനത്തിലൂടെയും നീക്കംചെയ്തത്. ശുചിമുറി മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളുമാണ് തോട്ടിലേക്ക് വർഷങ്ങളായി തള്ളിയിരുന്നത്.

മാലിന്യം തള്ളിയതിന് കഴിഞ്ഞ ദിവസം ഏതാനും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പഞ്ചായത്ത് അധികൃതർ പിഴ ചുമത്തിയിരുന്നു. ഒന്നാംഘട്ട ശുചീകരണം പൂർത്തിയാക്കിയ തോട്ടിലേക്ക് മാലിന്യം വലിച്ചെറിയരുതെന്നാവശ്യപ്പെട്ട് നാളെ കടയുടമകൾക്ക് നോട്ടീസ് നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ശുചീകരണ ജോലികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, ആരോഗ്യ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സുനിതാ ഫിലിപ്പ്, അംഗങ്ങളായ ഗീതു മുരളി, ബിജോ പി. മാത്യു, സോണി കൊച്ചു തുണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.