അടൂർ : അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പേ ആൻഡ് പാർക്ക് അനുവദിക്കാൻ നീക്കം. നിലവിലുണ്ടായിരുന്ന സർവീസുകൾ പോലും പുനരാരംഭിക്കാതെ ഇത്തിരിയോളം വരുന്ന ഡിപ്പോയിൽ പേ ആൻഡ് പാർക്ക് തുടങ്ങാനുള്ള നീക്കം ഡിപ്പോയുടെ നശീകരണത്തിന് വഴിതെളിക്കുമെന്നാണ് വിലയിരുത്തൽ. എം. സി റോഡിലെ കൊട്ടാരക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലുള്ള പ്രധാന ഡിപ്പോയാണ് അടൂരിലേത്. ഒപ്പം തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കെ. പി റോഡും സംഗമിക്കുന്ന സ്ഥലം എന്ന നിലയിൽ അടൂർ ഡിപ്പോയ്ക്കുള്ള പ്രധാന്യം ഏറെയാണ്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ ഡിപ്പോയ്ക്ക് ഉയർച്ചയല്ല പകരം തളർച്ചയാണ് ഉണ്ടായിരിക്കുന്നത്. നിരവധി ദീർഘദൂര സർവീസുകൾ ഉൾപ്പെടെ 51 ഷെഡ്യൂളുകൾ ഉണ്ടായിരുന്ന ഇവിടെ നിലവിൽ 34 ഷെഡ്യൂളുകളാണുള്ളത്. ഇതിൽ തന്നെയും പലതും സർവീസ് നടത്താറില്ല. ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തി വെച്ച ഒട്ടുമിക്ക സർവീസുകളും ഭൂരിപക്ഷം ഡിപ്പോകളും പുനരാരംഭിച്ചപ്പോഴും അടൂർ ഡിപ്പോയ്ക്ക് മാത്രം അനുമതി ഇല്ല. നിലവിലുണ്ടായിരുന്ന സർവീസുകൾ മറ്റ് പലഡിപ്പോക്കാർ കൊണ്ടുപോയപ്പോഴും കൈയ്യുംകെട്ടിനിന്നവരാണ് ബന്ധപ്പെട്ട ഭരണാധികാരികളും ഡിപ്പോ അധികൃതരും. ഫലത്തിൽ ഡിപ്പോയെ തരം താഴ്ത്താനുള്ള നീക്കത്തിനെതിരെ പ്രതികരിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. രണ്ടര ഏക്കർ സ്ഥലമാണ് നിലവിൽ ഡിപ്പോയ്ക്കുള്ളത്. വികസനത്തിന് ആവശ്യമായ സ്ഥലം ഇല്ലാതിരിക്കെയാണ് വരുമാനം വർദ്ധിക്കാൻ ഒരു ഭാഗം പേ ആൻഡ് പാർക്ക് ആക്കി മാറ്റാനുള്ള നീക്കം അണിയറയിൽ നടക്കുന്നത്. ബസുകൾ പാർക്ക് ചെയ്യാൻപോലും ഇടമില്ലാത്ത ഡിപ്പോയിൽ ജനപ്രതിനിധികൾ മൗനം പാലിച്ചാൽ ഭാവിയിൽ ഡിപ്പോ ഓപ്പറേറ്റിംഗ് സെന്ററിന്റെ പദവിയിലേക്ക് തരം താഴാൻ സാദ്ധ്യത ഏറെയാണ്.