പത്തനംതിട്ട: കൊവിഡ് വാക്‌സിന് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്ത ആളിന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായി പരാതി. മുബൈയിൽ ജോലി ചെയ്യുന്ന വടശേരിക്കര സ്വദേശി ജിനു മാമനാണ് കഴിഞ്ഞ വെള്ളിയാഴ്ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചതായി മെസേജ് വന്നത്. മൊബെൽ നമ്പർ തെറ്റി വന്നതാകാമെന്ന് കരുതി മെസേജ് ഓപ്പണാക്കി ലിങ്കിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലൗഡ് ചെയ്തു. ഈ സർട്ടിഫിക്കറ്റിൽ ജിനുമാമന്റെ പേരും വിലാസവും ആധാർ നമ്പറും മൊബൈൽ നമ്പരും കണ്ടതോടെയാണ് സംശയം തോന്നിയത്. ഇതോടെ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പരാതി പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.