പത്തനംതിട്ട: ഉൾനാടൻ മത്സ്യമേഖലയിൽ പരമാവധി മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പന്നിവേലിച്ചിറ ഹാച്ചറി, കവിയൂർ ഐരാറ്റ് ഹാച്ചറി എന്നിവിടങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചുകോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു വർഷത്തിനുള്ളിൽ ഇത് 12 കോടിയിലെത്തിക്കാൻ സാധിക്കും. മത്സ്യ ഉത്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലെത്തുക എന്നതാണ് സർക്കാർ ലക്ഷ്യം. നമ്മുടെ വരുമാനത്തിന്റെ 13 ശതമാനം മത്സ്യമേഖലയാണ്. ഇതിൽ പ്രധാനമായുള്ളതും കടൽ മത്സ്യമാണ്. ഉൾനാടൻ മത്സ്യ മേഖലയിൽ ആയിരങ്ങൾക്ക് ജോലി നൽകാൻ നമുക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കവിയൂർ ഐരാറ്റ് ഹാച്ചറിയിൽ രണ്ടു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു സംബന്ധിച്ച് അഡ്വ.മാത്യു ടി.തോമസ് എം.എൽ.എയുമായി ഉദ്യോഗസ്ഥർ ചർച്ച ചെയ്യണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണ്. ജലസമ്പത്തുള്ള പ്രദേശങ്ങളിലെല്ലാം മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പന്നിവേലിച്ചിറ ഹാച്ചറിയിൽ സ്‌കൂൾ കുട്ടികൾക്ക് ഉൾപ്പെടെ സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ഫിഷറീസ് മന്ത്രിക്കൊപ്പം പന്നിവേലിച്ചിറ ഹാച്ചറി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷണ കേന്ദ്രമായി ഉയർത്താനുള്ള ശ്രമം നടത്തും. ഡിസംബർ മുതൽ മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
അഡ്വ.മാത്യു ടി തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, വൈസ് പ്രസിഡന്റ് ടി.പ്രദീപ് കുമാർ, വാർഡ് മെമ്പർ ബിജിലി പി. ഈശോ തുടങ്ങിയവർ പങ്കെടുത്തു.