അടൂർ :എം.സി റോഡിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ ടാക്സി ഡ്രൈവർ മരിച്ചു. ദീർഘകാലമായി ഏനാത്ത് ജംഗ്ഷനിലെ ടാക്സി ഡ്രൈവറായിരുന്ന ഏനാത്ത് കൊണ്ടൂരഴികത്ത് വീട്ടിൽ ജി. രാധാകൃഷ്ണൻ നായർ(69) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കണ്ണംകോട് അഫ്സൽ മൻസിലിൽ അഫ്സൽ ബദർ (28) പരിക്കുകളോടെ രക്ഷപ്പെട്ടു. രാധാകൃഷ്ണൻ നായർ ബൈക്കിന് പിന്നിൽ ഇരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 9.30 ന് എം.സി റോഡിൽ വടക്കടത്തുകാവ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഏനാത്ത് ഭാഗത്തു നിന്ന് അടൂർ ഭാഗത്തേക്ക് പോയ ബൈക്കിനു പിന്നിൽ അതേ ദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണൻ നായരെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്റെ ജോലി സംബന്ധമായ ആവശ്യത്തിനായി കോഴിക്കോട്ടേക്ക് ബസിൽ പോകാൻ അടൂർ ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്നു രാധാകൃഷ്ണ നായർ . ഭാര്യ: ലത. മക്കൾ: ഗണേശൻ, മുരുകേശ്, ശ്രീവള്ളി. മരുമകൻ : സുരേഷ്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.