ഒരു ദിവസം ലക്ഷ്മണൻ രാമനോട് ക്രിയാമാർഗം ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ചിത്തവിശുദ്ധിക്കും എകാഗ്രതയ്ക്കും ഏറ്റവും ഉചിതമാണ് ക്രിയാമാർഗം. അവനവന്റെ ഉള്ളിൽ കുടികൊള്ളുന്ന ഈശ്വരനേയോ, അഗ്നിയിലോ, ബിംബങ്ങളിലോ, സാളഗ്രാമത്തിലോ ഈശ്വരസങ്കല്പത്തോടെ പൂജചെയ്യാം. കാലത്ത് കുളിച്ച്, സന്ധ്യാവന്ദനം കഴിച്ച് നിത്യകർമ്മം ചെയ്ത് കർമ്മശുദ്ധിയോടെ ഈശ്വരനെ സങ്കല്പം ചെയ്യുക. ജല, ഗന്ധ(ചന്ദന), പുഷ്പ, ധൂപ, ദീപങ്ങളാകുന്ന അഞ്ച് ഉപചാര വസ്തുക്കളിലൂടെയും തനിക്ക് പ്രിയപ്പെട്ട വസ്തു നിവേദ്യരൂപത്തിൽ ഈശ്വരന് സമർപ്പി ക്കുന്നതിലൂടെയും തന്നെത്തന്നെയാണ് ഈശ്വരന് സമർപ്പി ക്കേണ്ടത്. തനിക്ക് ചുറ്റുമുള്ള പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രിയപ്പെട്ട വസ്തുക്കളാണ് ഭഗവാന് സമർപ്പിക്കേണ്ടത്.
ചാതുർമാസവ്രതം കഴിഞ്ഞു. സുഗ്രീവന് സീതാന്വേഷണത്തിനുള്ള താല്പര്യം കാണുന്നില്ല. ഹനുമാൻ സുഗ്രീവനെ സീതാന്വേഷണം ആരംഭിക്കാൻ ഓർമ്മിപ്പിച്ചു. പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന ഓർമ്മപ്പെടുത്തൽ കേട്ട സുഗ്രീവൻ കപിവീരരെ നാനാദിക്കിലേക്കും അയച്ചു. കാര്യസാദ്ധ്യത്തിനായി ചിലർ വാഗ്ദാനങ്ങൾ നൽകിയിട്ട് അവയെ സൗകര്യപൂർവം മറക്കും. അത്തരക്കാർക്ക് ചിലപ്പോൾ ശക്തമായ ഓർമ്മപ്പെടുത്തൽ വേണ്ടിവന്നേക്കാം.
ചാതുർമാസ വ്രതം കഴിഞ്ഞിട്ടും ഒരു ഒരുക്കവും കാണാത്തതിനാൽ ലക്ഷ്മണൻ ക്രുദ്ധനായി. സഖ്യവ്യവസ്ഥ മറന്ന സുഗ്രീവനെ വധിക്കും എന്ന ലക്ഷ്യത്തോടെ കിഷ്‌കിന്ധയിലേക്ക് പുറപ്പെട്ടു. വാക്ക് ലംഘിച്ച സുഗ്രീവനോട് ലക്ഷ്മണൻ കോപിച്ചു. ഹനുമാൻ ലക്ഷ്മണനെ ആശ്വസിപ്പിച്ച് സത്യലംഘനം വരില്ലായെന്ന് ഉറപ്പുനൽകി.
സുഗ്രീവനും കൂട്ടരും ശ്രീരാമന്റെ അടുത്തെത്തി സീതാന്വേഷണതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. സംഘങ്ങൾ തിരിഞ്ഞ് അവർ ഓരോ ദിക്കിലേക്കും പോകുന്നതിനുള്ള വ്യവസ്ഥ ചെയ്യുന്നു. മുപ്പത് ദിവസം സമയം നൽകുന്നു. ദക്ഷിണദിക്കിലേക്ക് പോകാൻ തയ്യാറായ സംഘത്തിലെ പ്രമുഖനായ ഹനുമാന് രാമന്റെ മോതിരവും സീതയെ കാണുമ്പോൾ പറയുവാനുള്ള അടയാളവാക്കും കൊടുക്കുന്നു. അവർ ദക്ഷിണദിക്കിലേക്ക് യാത്രയായി.