dog

തിരുവനന്തപുരം: ഏതുതരം ലഹരി വസ്തുക്കൾ ഒളിപ്പിച്ചുവച്ചാലും മണത്തു കണ്ടുപിടിക്കാൻ പൊലീസിന്റെ പ്രത്യേക ഡോഗ് സ്ക്വാഡ് എത്തുന്നു! നർക്കോട്ടിക്ക് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വേട്ടയിൽ ഇനി ഇവ മുന്നിലുണ്ടാവും. മയക്കുമരുന്ന് വേട്ടയ്ക്ക് മാത്രമായി പരിശീലിപ്പിച്ച നായ്ക്കളാണിവ. തൃശൂർ പൊലീസ് അക്കാഡമിയിൽ ലഹരിവസ്തുക്കൾ കണ്ടെത്താൻ മാത്രമായി പരിശീലനം നൽകിയ നായ്ക്കളാണ് എൻഫോഴ്സ്ർമെന്റ് പ്രവർത്തനങ്ങളിൽ പൊലീസിന്റെ സഹായത്തിനെത്തുന്നത്. കഴിഞ്ഞ അ‍ഞ്ചുവർഷത്തിനകം നാൽപ്പതോളം നായ്ക്കളെയാണ് മയക്കുമരുന്നുകൾ കണ്ടെത്താൻ മാത്രം പ്രത്യേകമായി പരിശീലിപ്പിച്ചത്.

ആദ്യം കുരയ്ക്കും,​ പിന്നെ ചാടിവീഴും

# വസ്ത്രത്തിലോ വാഹനത്തിലോ എന്നുവേണ്ട ലഹരിവസ്തുക്കൾ ഏത് രൂപത്തിൽ എവിടെ ഒളിപ്പിച്ചാലും മണത്തു കണ്ടുപിടിക്കാനുള്ള പരിശീലനമാണ് ഈ നായ്ക്കൾക്ക് നൽകിയിരിക്കുന്നത്.

# ബീഡി, സിഗരറ്റ്, മദ്യം, കഞ്ചാവ്, ഹാഷിഷ്, ചരസ്, ബ്രൗൺ ഷുഗർ, ലഹരി സ്റ്റാമ്പുൾപ്പെടെയുള്ള ന്യൂജെൻ ലഹരികൾ ഉൾപ്പെടെ കണ്ടുപിടിക്കും.

#മീനിലോ ഇറച്ചിയിലോ സുഗന്ധ ദ്രവ്യങ്ങൾക്കിടയിലോ ലഹരി വസ്തുക്കൾ ഒളിപ്പിച്ചാലും എത്ര ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയും.

# കടത്തുകാരെ കണ്ടെത്തിയാൽ ആദ്യം കുരയ്ക്കും. രക്ഷപ്പെടാൻ ശ്രമിച്ചാൽ കൈയ്യിലോ കാലിലോ ചാടി പിടിച്ച് കടിച്ചുനിറുത്തും.

#വാഹനങ്ങളിലും ബസ്, റെയിൽവേ സ്റ്റേഷനുകളിലും സ്കൂൾ- കോളേജ് പരിസരങ്ങളിലടക്കം ഇവയെക്കൂട്ടിയുള്ള പരിശോധന കർശനമാക്കും.

ഇവർ പരിശീലനത്തിൽ

ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട നായ്ക്കളാണ് ലഹരി മണത്തെടുക്കാൻ ഓരോ പൊലീസ് ജില്ലയിലുമുള്ളത്. മാക്സിമസ്,​ പിന്റോ,​ റോക്കി,​ സുൽത്താൻ, ​പ്രിൻസ്,​ ജാക്ക്,​ റാംബോ,​ ക്രിസ്റ്റീന എന്നിവ പരിശീലനത്തിലും പ്രവർത്തനക്ഷമതയിലും പൊലീസിന്റെ പ്രശംസ നേടിയവരിൽ ചിലർ മാത്രം. ക്രിസ്റ്റീനയാണ് ഏക പെൺതരി. കാസർകോട്ടാവും ക്രിസ്റ്റീനയ്ക്ക് ഡ്യൂട്ടി. മാക്സ് തലസ്ഥാനത്തും പിന്റോ കണ്ണൂരിലും സുൽത്താൻ വയനാട്ടിലും റോക്കി കോട്ടയത്തും ലഹരി വേട്ടയ്ക്കിറങ്ങും. റാംബോ,​ പ്രിൻസ്,​ ജാക്ക് എന്നിവരെ യഥാക്രമം പത്തനംതിട്ട,​ കോഴിക്കോട്റൂറൽ, തിരുവനന്തപുരം റെയിൽവേ എന്നിവിടങ്ങളിൽ നിയോഗിക്കും. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലെ പൊലീസ് ഡോഗ് സ്ക്വാഡിന്റെ നിയന്ത്രണത്തിൽ കഴിയുന്ന ഇവയുടെ സേവനം അതിർത്തി ചെക്ക് പോസ്റ്റുകൾ,​ വാഹന പരിശോധനാ വേളകൾ,​ മദ്യവും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രയോജനപ്പെടുത്തും. കഞ്ചാവുൾപ്പെടെയുള്ള സിന്തറ്റിക് ലഹരി വസ്തുക്കളുടെ കടത്തും വിൽപ്പനയും വർദ്ധിച്ച സാഹചര്യത്തിൽ ലഹരി മാഫിയയെ അമ‌ർച്ച ചെയ്യാനാണ് ലഹരി വസ്തുക്കൾ മണത്തറിയാനുള്ള സവിശേഷ കഴിവ് നേടിയ നായ്ക്കളെയും പൊലീസിന്റെ സഹായത്തിനായി ലഭ്യമാക്കിയിരിക്കുന്നത്. ഓണം പോലുളള ആഘോഷ അവസരങ്ങളിൽ ലക്ഷ്യമാക്കി അയൽ സംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റും ലഹരി വസ്തുക്കളും കടത്തുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ രാത്രിയിലും മറ്റും ഇവയുടെ സേവനം അധികമായി ഉപയോഗപ്പെടുത്താനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.

# ശ്വാനപ്പട

സ‌്നിഫർ: 41

ട്രാക്കർ: 41