പുനലൂർ: കൊല്ലം-പുനലൂർ റെയിൽ പാത വഴി ഇലക്‌ട്രിക് ട്രെയിൻ ഓടിക്കുന്നതിന്റെ മുന്നോടിയായി 110 കെ.വി.വൈദ്യുതി ലൈൻ വലിക്കുന്ന ജോലികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ആവണിശ്വരം റെയിൽവേ സ്റ്റേഷന് സമീപത്ത് ഭൂമി പൂജയോടെയാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത്. ഇലക്‌ട്രിക് പോസ്റ്റുകൾ സ്ഥാപിക്കാനുള്ള ഫൗണ്ടേഷന്റെ നിർമ്മാണ ജോലികളാണ് ഒന്നാംഘട്ടത്തിൽ ആരംഭിച്ചത്. 2022 മാർച്ച് മാസത്തോടെ ഇത് വഴി ഇലക്‌ട്രിക് മെമു ട്രെയിൻ ഓടിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രധാനമായും മെമു ട്രെയിനുകൾ ഓടിക്കാനാണ് കൊല്ലം-പുനലൂർ റെയിൽ പാത വൈദ്യുതീകരിക്കുന്നത്
65കോടി രൂപ ചെലവിൽ
കൊല്ലം മുതൽ പുനലൂർ വരെയുളള 45 കിലോമീറ്റർ ദൂരത്തിലെ ട്രാക്കിനോട് ചേർന്ന് 65കോടി രൂപ ചെലവഴിച്ചാണ് പുതിയതായി ഇലക്‌ട്രിക് ലൈൻ സ്ഥാപിക്കുന്നത്. പുനലൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ സബ് സ്റ്റേഷൻ പണിയുമെന്ന് റെയിൽവേ ഇലക്ട്രിഫിക്കേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മോഹൻ പിളള അറിയിച്ചു .ഇവിടെ നിന്ന് പുനലൂരിലെ പവർഹൗസ് ജംഗ്ഷനിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനുമായി ഇലക്‌ട്രിക് ലൈൻ ബന്ധിപ്പിക്കും. ഭൂമിയുടെ അടിയിലൂടെ കേബിൾ ഉപയോഗിച്ചാകും സബ് സ്റ്റേഷനിൽ ലൈൻ എത്തിക്കുക.ഇതിനായി കെ.എസ്.ഇ.ബിക്ക് റെയിൽവേ കത്ത് നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് പണം അടക്കും. തുടർന്ന് പുനലൂർ റെയിൽവേ സ്റ്റേഷനിൽ പണിയുന്ന സബ് സ്റ്റേഷനിൽ നിന്ന് പവർഹൗസ് ജംഗ്ഷനിലെ കെ.എസ്.ഇ.ബി.സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ലൈനിന്റ് നിർമ്മാണ ജോലികൾ ആരംഭിക്കും. എക്സിക്യൂട്ടീവ് എൻജിനിയർ ശേഖറിന്റെ നേതൃത്വത്തിലാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത്. ചെന്നൈ തിരുമൂർത്തി ഹൈടെക് കമ്പനിയണ് കരാർ എടുത്തിരിക്കുന്നത്.