c
ഉല്ലാസ്

അഞ്ചൽ: നിർമ്മാണം പുരോഗമിക്കുന്ന അഞ്ചൽ ബൈപ്പാസ് റോഡിൽ സ്വകാര്യ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അഞ്ചൽ അഗസ്ത്യക്കോട് അമ്പലംമുക്കിന് സമീപം തുഷാര ഭവനിൽ പരേതനായ രവീന്ദ്രന്റെയും ലൈലയുടെയും മൂത്തമകൻ ഉല്ലാസിന്റെ (46) മൃതദേഹമാണ് കണ്ടെത്തിയത്. ബൈപ്പാസ് അഞ്ചൽ - അയൂർ റോഡിൽ പ്രവേശിക്കുന്നതിനടുത്തുള്ള സെന്റ് ജോർജ് സ്കൂളിന് സമീപം ഇന്നലെ രാവിലെ 6 മണിക്ക് വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. കണ്ണ് മുതൽ മുട്ടുവരെ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുട്ടിനുതാഴെയും നെറ്റിക്കുമുകളിലും കാര്യമായി പൊള്ളലേറ്റിട്ടില്ല. തലയിലെ കുറച്ചുഭാഗത്തെ മുടി കരിഞ്ഞിട്ടില്ലായിരുന്നെന്ന് മൃതദേഹം ആദ്യംകണ്ടവർ പറയുന്നു.

ഭാഗികമായി കത്തിക്കരിഞ്ഞ ചെരുപ്പുകൾ മൃതദേഹത്തിൽ നിന്ന് കുറച്ചകലെയായി ചേർത്തുവച്ച നിലയിലായിരുന്നു. മൃതദേഹത്തിനോട് ചേർന്നുള്ള പാറയിൽ കത്തിക്കരിഞ്ഞ മാംസാവശിഷ്ടങ്ങളുണ്ടായിരുന്നു. ശരീരത്തിൽ തീപിടിച്ച ശേഷം മരണവെപ്രാളത്തിൽ ഓടിയതിന്റെ ലക്ഷണങ്ങളൊന്നും ലഭിച്ചിട്ടില്ല. മൃതദേഹത്തിൽ നിന്ന് 25 മീറ്രർ അകലെ യാതൊരു കേടുപാടുമില്ലാത്ത നിലയിൽ ലഭിച്ച മൊബൈലിൽ നിന്നാണ് മരിച്ചത് ഉല്ലാസാണെണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തോട് ചേർന്ന് പ്ലാസ്റ്റിക് മാലിന്യമുണ്ടെങ്കിലും അവ ഉരുകിയിട്ടില്ല. മൃതദേഹത്തിൽ നിന്ന് അല്പം അകലെയായി കത്തിക്കാനായി പെട്രോൾ കൊണ്ടു വന്നതെന്ന് കരുതുന്ന ഒഴിഞ്ഞ കുപ്പിയും കണ്ടെത്തി.

ഉല്ലാസിന് രണ്ട് സ്വകാര്യ ബസുകളാണുണ്ടായിരുന്നത്.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് സർവീസ് നിലച്ചതോടെ അഞ്ചൽ കോമളത്ത് പശു ഫാം തുടങ്ങിയിരുന്നു. ഇദ്ദേഹത്തിന് കാര്യമായ സാമ്പത്തിക പ്രശ്നങ്ങളില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്കാണ് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയത്. രാത്രി 9ന് സഹോദരൻ വിളിച്ചപ്പോൾ ഫാമിലുണ്ടെന്ന് പറഞ്ഞു. ഇടയ്ക്കിടെയുള്ള ദിവസങ്ങളിൽ ഉല്ലാസ് രാത്രി ഫാമിലാണ് ഉറങ്ങിയിരുന്നത്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. റൂറൽ എസ്.പി കെ.ബി. രവി ഇൻക്വസ്റ്റിന് നേതൃത്വം നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങൾ: ഉന്മേഷ്, രോഹിത്ത്.

ആത്മഹത്യയെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്

ഉല്ലാസിന്റെ മരണം ആത്മഹത്യയെന്ന് ഉറപ്പിക്കാതെ പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനൊപ്പം ഫോറൻസിക്, ക്ലിനിക്കൽ പരിശോധന ഫലങ്ങൾ വന്നാലേ മരണം എങ്ങനെ സംഭവിച്ചുവെന്നതിൽ വ്യക്തത വരുകയുള്ളൂവെന്ന് പുനലൂർ ഡിവൈ.എസ്.പി പറഞ്ഞു. പുലർച്ചെ 1.45 ഓടെയാകാം തീകൊളുത്തപ്പെട്ടതെന്ന് സംശയിക്കുന്നു. മൃതദേഹം കിടന്ന സ്ഥലത്ത് വച്ച് തീകൊളുത്തിയതിന്റെ കാര്യമായ ലക്ഷണങ്ങളില്ല. എന്നാൽ തൊട്ടടുത്തുള്ള സ്കൂളിലെ സി.സി.ടി.വിയിൽ നിന്ന് 1.45 ഓടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് തീ കത്തുന്ന ദൃശ്യങ്ങളുണ്ട്. എന്നാൽ ഉല്ലാസോ മറ്റാരെങ്കിലുമോ ഇവിടേക്ക് വരുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ഉല്ലാസിന്റെ ഫോൺ പരിശോധിച്ചപ്പോൾ മരണം സംഭവിച്ചെന്ന് കരുതുന്ന സമയത്തിന് തൊട്ടുമുൻപ് ഒരു നമ്പരിലേക്കും തിരിച്ചും നിരവധി തവണ സംസാരിച്ചതായി വ്യക്തമായി. ഈ നമ്പരിന്റെ ഉടമയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്ന് ലഭിച്ച കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകം ഒഴിച്ചാണ് തീ കൊളുത്തിയതെന്ന് കരുതുന്നു. ഏത് തരം ദ്രാവകമാണെന്ന് വ്യക്തമായിട്ടില്ല. ദിവസങ്ങളായി ഉല്ലാസ് കോമളത്തെ ഫാമിൽ കിടന്നാണ് ഉറങ്ങിയിരുന്നത്. എന്നാൽ ഇന്നലെ ഫാമിൽ നിന്ന് ആറ് മണിയോടെ ഇറങ്ങിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൃതദേഹം കണ്ടെത്തിയ സ്ഥലവും ഉല്ലാസിന്റെ വീടും തമ്മിൽ വലിയ ദൂരമില്ല. പൊലീസ് നായയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും ദുരൂഹമായി ഒന്നും ലഭിച്ചിട്ടില്ല. ഉല്ലാസ് ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കുറവാണെന്നാണ് സഹോദരൻ ഉന്മേഷ് പറയുന്നത്.