പുനലൂർ: കോടികൾ മുടക്കി നവീകരിച്ചിട്ട് വെറും ആറ് മാസം. അപകടക്കെണിയായി ദേശീയ പാത. കൊല്ലം-തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂരിന് സമീപത്തെ കലയനാട് ജംഗ്ഷനിലെ റോഡിന്റെ മദ്ധ്യഭാഗത്താണ് വിള്ളൽ വീണ് കൂറ്റൻ കുഴി രൂപപ്പെട്ടിരിക്കുന്നത്. പാതയിലെ 20 അടി സമ ചതുരത്തിൽ വിള്ളൽ രൂപപ്പെട്ടതോടെ ഇത് വഴി കടന്ന് പോകുന്ന വാഹന യാത്രക്കാർ കടുത്ത ആശങ്കയിലാണ്. ബുധനാഴ്ച അർദ്ധ രാത്രിയോടെയാണ് പാതയിൽ കൂറ്റൻ കുഴി രൂപപ്പെടുകയും വിള്ളൽ വീഴുകയും ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു.
35കോടി മുടക്കി നവീകരണം
ആറ് മാസം മുമ്പ് 35 കോടിയോളം രൂപ ചെലവഴിച്ച് പുനലൂർ മുതൽ കോട്ടവാസൽ വരെയുളള ഭാഗത്ത് റോഡ് റീ ടാറിംഗ് നടത്തിയതിനൊപ്പം ഓടയും കലുങ്കുകളും നിർമ്മിക്കുകയും പാതയോരങ്ങളിൽ തറയോട് പാകുകയും ചെയ്തിരുന്നു . ഇത് കൂടാതെ പുനലൂർ ടി.വി.ജംഗ്ഷൻ, കലയനാട്,വാളക്കോട്, വെള്ളിമല അടക്കം താഴ്ന്നു കിടന്ന റോഡുകളിൽ ഒരു മീറ്ററോളം ഉയരത്തിൽ മെറ്റൽ പാകിയ ശേഷമായിരുന്നു റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയത്. എന്നാൽ കലയനാട് താഴ്ന്ന കിടന്ന റോഡിൽ മെറ്റൽ പാകി ഉയർത്തിയെങ്കിലും ഇത് വേണ്ട വിധത്തിൽ ഉറപ്പിക്കാതിരുന്നതാണ് പാതയുടെ മദ്ധ്യഭാഗത്ത് വിള്ളൽ വീണ് കൂറ്റൻ കുഴി രൂപപ്പെടാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
അപക സൂചന ബോർഡ് സ്ഥാപിക്കണം
കുഴി രൂപപ്പെട്ട പാതയുടെ മദ്ധ്യഭാഗത്ത് അപകട സൂചന നൽകാൻ ഒരു ചുവന്ന കൊടി മാത്രമാണ് നാട്ടിയിരിക്കുന്നത്. റോഡിന്റെ രണ്ട് ദിശകളിൽ നിന്ന് കടന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുളള സാദ്ധ്യതയേറെയാണ്. വിള്ളൽ വീണ ഇവിടെ അപക സൂചന ബോർഡ് സ്ഥാപിക്കുകയോ, കുഴി രൂപപ്പെട്ട ഭാഗം വേലി കെട്ടി തിരിക്കുകയോ ചെയ്തില്ലെങ്കിൽ രാത്രി സമയങ്ങളിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടും. ചരക്ക് ലോറികൾ അടക്കം ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർ സംസ്ഥാന പാതയിലാണ് വിള്ളൽ വീണ് കൂറ്റൻ കുഴി രൂപപ്പെട്ടിരിക്കുന്നത്.
വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിന്റെ തകരാറ് കാരണമാണ് പാതയിൽ വിളളൽ രൂപപ്പെട്ടത്. പുനരുദ്ധാരണ ജോലികൾക്ക് വാട്ടർ അതോറിറ്റിക്ക് അനുമതി നൽകിയിട്ടുണ്ട്. പൈപ്പ് ലൈനുകളുടെ പുനരുദ്ധാരണ ജോലികൾ കഴിഞ്ഞ് വേണം ദേശീയ പാതയുടെ തകരാറുകൾ പരിഹരിക്കാൻ . ദേശീയ പാത വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ