lorry-stand
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തെ ലോറി സ്റ്രാൻഡ്

കൊല്ലം: നഗരത്തിലെത്തുന്ന യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ മൊബിലിറ്റി ഹബ് എന്ന സ്വപ്നത്തിന് നഗരസഭയുടെ വാഗ്ദാനത്തെക്കാൾ പഴക്കമുണ്ട്. ഒരു വർഷത്തിനുള്ളിൽ മൊബിലിറ്റി ഹബ് യാഥാർത്ഥ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിൽ യോഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചതോടെ ആ സ്വപ്നത്തിന് വീണ്ടും ചിറകുമുളയ്ക്കുകയാണ്.

റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോറി സ്റ്റാൻഡിലാണ് നഗരസഭ മൊബിലിറ്റി ഹബ് നിർമ്മിക്കുന്നത്. രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്ത് ഒരേസമയം 14 ബസുകൾ പാർക്ക് ചെയ്യാൻ കഴിയുന്നതാണ് ഹബിന്റെ രൂപകല്പന. ഫുഡ് കോർട്ട്, സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകൾ, ഓട്ടോ - ടാക്സി സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയെങ്കിലും പാതിവഴിയിൽ മുടങ്ങി. 6.35 കോടി രൂപയാണ് നിർമ്മാണത്തിനായി നഗരസഭ അന്ന് വകയിരുത്തിയിരുന്നത്.

പരിഗണിച്ചതും മുടങ്ങിയതും പലതവണ

നഗരസഭയുടെ നേതൃത്വത്തിൽ പലതവണ ബസ് സ്റ്റാൻഡ് എന്ന ആശയവുമായി മുന്നോട്ട് വന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ നഗരസഭ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്നുള്ള എതിർപ്പുകൾ പദ്ധതിയെ പിന്നോട്ടടിച്ചു. ഇതേത്തുടർന്ന് കേരളകൗമുദി ജനുവരി 10ന് വാഗ്ദാനങ്ങളിലൊതുങ്ങിയ സിറ്റി ബസ് സ്റ്റാൻഡ് എന്ന ശീർഷകത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

മൊബിലിറ്റി ഹബ്

1. റെയിൽവേ സ്റ്റേഷന് സമീപം ലോറി സ്റ്റാൻഡിൽ

2. ഒരേസമയം 14 ബസുകൾക്ക് പാർക്കിംഗ്

3. ഫുഡ് കോർട്ട്

4. സ്ത്രീ സൗഹൃദ ശൗചാലയങ്ങൾ

5. ഓട്ടോ, ടാക്സി സൗകര്യങ്ങൾ

6. വൈഫൈ സംവിധാനം

7. മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യം

8. ആധുനിക അമിനിറ്റി സെന്റർ