sports-land
മോഷണം നടന്ന ചിന്നക്കട സ്പോർട്സ് ലാൻഡിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ

കൊല്ലം: ചിന്നക്കടയിൽ സ്പോർട്സ് സാമഗ്രികൾ വിൽക്കുന്ന കടയിൽ മോഷണം. മേശയിലുണ്ടായിരുന്ന 2,050 രൂപയും ഏതാനും സ്പോർട്സ് സാമഗ്രികളുമാണ് മോഷ്ടാക്കൾ കവർന്നത്.

ക്ലോക്ക് ടവറിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഹാഷിമിന്റെ ഉടമസ്ഥതയിലുള്ള 'സ്പോർട്സ് ലാൻഡ്' എന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്. മുകൾനിലയിലെ ഗ്ലാസ് വാതിൽ തള്ളിനീക്കിയ ശേഷമാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. രണ്ട് ക്രിക്കറ്റ് ബാറ്റും ഷട്ടിൽ ബാറ്റും മോഷണം പോയ കൂട്ടത്തിലുണ്ട്.

വ്യാഴാഴ്ച രാവിലെ തൊട്ടടുത്ത കടയിലെത്തിയ ചെറുപ്പക്കാരാണ് മുകൾനിലയിലെ ഗ്ലാസിട്ട വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഉടമ സ്ഥലത്തെത്തി കട തുറന്നപ്പോൾ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.