കരുനാഗപ്പള്ളി : കൊവിഡിനെ അതിജീവിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അക്ഷര സേന പ്രവർത്തനം ആരംഭിച്ചു. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് സേവന സന്നദ്ധതയുള്ള പ്രവർത്തകരെ കോർത്തിണകിയാണ് അക്ഷരസേന രൂപീകരിക്കുന്നത്. ഇവർക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങൾ, മഹാമാരി പ്രതിരോധം, രക്തസേന രൂപീകരിക്കൽ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, കാർഷിക, കാർഷികേതര പ്രവർത്തനങ്ങൾ എന്നിവയിൽ മതിയായ പരിശീലനം നൽകും. കരുനാഗപ്പള്ളി താലൂക്കിലെ ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് 1000 സന്നദ്ധ പ്രവർത്തകരെ കോർത്തിണക്കി അക്ഷര സേന രൂപീകരിച്ചു. ഇവർക്കുള്ള തിരിച്ചറിയൽ കാർഡിൻ്റെ താലൂക്ക് തല വിതരണോദ്ഘാടനം വവ്വാക്കാവ് യൗവന ഗ്രന്ഥശാലയിൽ വെച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി .പി .ജയപ്രകാശ് മേനോൻ, യൗവന ഗ്രന്ഥശാലാ സെക്രട്ടറി വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.