തഴവ: കൊവിഡ് നിയന്ത്രണത്തേ തുടർന്ന് നിലവിൽ ഏർപ്പെടുത്തിയിരിയ്ക്കുന്ന വാരാന്ത്യ ലോക്ഡൗണിലും വ്യാജചാരായ വിൽപ്പന വ്യാപകമാകുന്നതായി എക്സൈസ്. തഴവാ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1100 ലിറ്റർ കോട കണ്ടെടുത്തു. തഴവാ കടത്തൂർ എൻ.എൻ.കോട്ടേജിൽ നിയാസിൻ്റെ വീട്ടിൽ നിന്ന് ആയിരത്തി ഒരു നൂറ് ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ എക്സൈസ് ഇൻസ്പെക്ടർ ജി.പ്രസന്നന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട്ടുടമയുടെ പേരിൽ എക്സൈസ് അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരികൃഷ്ണൻ, രജിത്.കെ.പിള്ള, ട്രീസ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കൂടുതൽ അന്വേഷണത്തിനായി കേസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹനൻ ഏറ്റെടുത്തു.