മലപ്പുറം സ്വദേശി പിടിയിൽ
കൊല്ലം: കൊല്ലത്തെ ഐ.സി.എസ്.ഇ സ്കൂളിന് സംസ്ഥാന സർക്കാരിന്റെ എയ്ഡഡ് പദവി തരപ്പെടുത്താമെന്ന് പറഞ്ഞ് പലപ്പോഴായി 4.5 കോടി രൂപ തട്ടിയയാൾ പിടിയിലായി. മലപ്പുറം, വഴിക്കടവ് വാലടിയിൽ ബിജുവാണ് (45) കൊല്ലം ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. സഞ്ജീവൻ സൊസൈറ്റി ഒഫ് സിസ്റ്റേഴ്സ് ഒഫ് സെന്റ് ജോസഫ്, ജഗൽപ്പൂർ എന്ന സ്ഥാപനത്തിന്റെ കീഴിൽ പുനലൂർ ഇടമണിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് കോൺവെന്റ് ഐ.സി.എസ്.ഇ സ്കൂളിന് എയ‌്ഡഡ് പദവി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. പ്രതി നടത്തിയിരുന്ന മാർ തിയോഫിലസ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ പേരിൽ 2019 ഡിസംബർ മുതൽ പല തവണകളായാണ് പണം തട്ടിയത്. തട്ടിപ്പ് ബോദ്ധ്യപ്പെട്ടതോടെ ഒരാഴ്ച മുൻപ് സ്കൂൾ അധികൃതർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
പ്രതിയുടെ വീട്ടിൽ നിന്ന് നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകൾ അന്വേഷണസംഘം കണ്ടെടുത്തു. മാർ തിയോഫിലസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വീട് വച്ച് നൽകാമെന്ന് പറഞ്ഞ് ബിജു നിരവധി ഭവനരഹിതരിൽ നിന്ന് ഓരോ ലക്ഷം രൂപ വീതം വാങ്ങിയതായും പരാതിയുണ്ട്. ഭവനരഹിതരുടെ വിഹിതത്തിനൊപ്പം ഫൗണ്ടേഷൻ വിഹിതമായി ഒരു ലക്ഷവും സർക്കാരിൽ നിന്ന് രണ്ട് ലക്ഷവും വാങ്ങി നാല് ലക്ഷത്തിന്റെ വീട് നിർമ്മിച്ച് നൽകാമെന്നാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ വിശദ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെകടർ പി.വി. രമേഷ് കുമാർ, എസ്.ഐ. വേണുഗോപാലൻ, പൊലീസുകാരായ അരുൺ മുരളി, അരുൺകുമാർ, കണ്ണൻ ബോസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറത്തെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.