കൊല്ലം: കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ 3ൽ ഉൾപ്പെടുത്തി കൊല്ലം ലോക്സഭാ മണ്ഡലത്തിൽ 61.66 കിലോമീറ്റർ ദൈർഘ്യത്തിൽ 13 റോഡുകൾ വികസിപ്പിക്കാൻ 36.24 കോടിയുടെ പദ്ധതി അംഗീകരിക്കാൻ ധാരണയായതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ദേശീയ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഏജൻസിയുടെ യോഗത്തിന്റേതാണ് തീരുമാനം. ഓരോ റോഡുകളെയും സംബന്ധിച്ച് സംസ്ഥാനത്തിന്റെ മറുപടി ലഭിച്ച ശേഷം മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ തുടങ്ങും. നാല് പാളികളായാണ് ടാറിംഗ്. 5 വർഷത്തെ അറ്റകുറ്റപ്പണി കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്.