 വ്യക്തി താത്പര്യം മൂലമെന്ന് ആക്ഷേപം

കൊല്ലം: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൂന്ന് അങ്കണവാടികൾ ഒറ്റകെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാൻ ശ്രമമെന്ന് ആക്ഷേപം. കോർപ്പറേഷൻ തൃക്കടവൂർ സോണൽ പരിധിയിലെ പതിനെട്ടാംപടി, നീരാവിൽ, ചിറക്കര എന്നീ അങ്കണവാടികളാണ് ഒറ്റകെട്ടിടത്തിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചത്. മൂന്ന് ഷിഫ്റ്റുകളായിലായി അങ്കണവാടികൾ പ്രവർത്തിപ്പിക്കാനാണ് നീക്കം.

ചിലരുടെ വ്യക്തി താത്‌പര്യങ്ങൾ സംരക്ഷിക്കാനായാണ് ഇത്തരം തീരുമാനമെടുത്തതെന്നാണ്‌ നാട്ടുകാരുടെ ആരോപണം. ഓരോ അങ്കണവാടികൾക്കും വാടകയിനത്തിൽ പ്രതിമാസം 3,000 രൂപ വീതമാണ് ഇപ്പോൾ ചെലവാകുന്നത്. എന്നാൽ പുതിയ കെട്ടിടത്തിന്റെ വാടക ഏകദേശം 12,000 രൂപയാണ്.

നിലവിൽ മൂന്ന് അങ്കണവാടികൾക്കും കൂടി ചെലവാകുന്ന തുകയേക്കാൾ ഉയർന്ന തുകയ്ക്ക് മറ്റൊരു കെട്ടിടം കണ്ടെത്തിയതിന് പിന്നിൽ കെട്ടിട ഉടമയുമായുള്ള രഹസ്യധാരണയാണെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. നിലവിലുള്ള സൗകര്യങ്ങൾ പര്യാപ്‌തമാണെന്നതും കുട്ടികൾക്കോ മറ്റുള്ളവർക്കോ ഇപ്പോഴുള്ള കെട്ടിടത്തിലെ പ്രവർത്തനം മൂലം യാതൊരു ബുദ്ധിമുട്ടുമില്ലെന്നും നാട്ടുകാർ പറയുന്നു.