കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ജില്ലയിലെ ക്ഷേമനിധി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് 5000 രൂപ കൊവിഡ് ധനസഹായം അനുവദിക്കുക, 10,000 രൂപ പലിശരഹിത വായ്പ അനുവദിക്കുക, ചുമട്ടുതൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ, കൊവിഡ് ബാധിച്ച് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് പ്രത്യേക സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ചാമക്കട ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസ് പടിക്കൽ സംസ്ഥാന പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. നാസിമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ, ജില്ലാ സെക്രട്ടറി എച്ച്. അബ്ദുൾ റഹ്മാൻ, സുൾഫിക്കർ ഭൂട്ടോ തുടങ്ങിയവർ സംസാരിച്ചു.
ചാത്തന്നൂരിൽ
ചാത്തന്നൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ക്ഷേമനിധി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് മൈലക്കാട് സുനിൽ ഉദ്ഘാടനം ചെയ്തു. പരവൂർ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. പ്രമോദ്, സജീവ്, രാജു, ഷെരീഫ്, ഷാജഹാൻ, സജി, പ്രദീപ്, ശിഖാവ് തുടങ്ങിയവർ നേതൃത്വം നൽകി.